ചാഴൂർ: അരിമ്പൂർ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പുള്ളിൽ സംഘടിപ്പിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് രോഗി ബന്ധു സംഗമവും ഓണാഘോഷവും വേറിട്ട അനുഭവമായി മാറി. പുള്ള് പാടശേഖരത്തിലെ പ്രകൃതി രമണീയമായ അന്തരീക്ഷം നാല് ചുമരുകൾക്കിടയിൽ കഴിഞ്ഞിരുന്ന രോഗികളെ ആഹ്‌ളാദത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ഓണ ഓർമ്മകളിലേക്ക് മടക്കിക്കൊണ്ടുപോകുന്നതായിരുന്നു. ആംബുലൻസുകളിലും സ്വകാര്യ വാഹനങ്ങളിലുമായി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരും നഴ്‌സുമാരും ജനപ്രതിനിധികൾ അടക്കുള്ളവരും ചേർന്നാണ് രോഗികളെ സംഗമം നടക്കുന്ന വേദിക്കരികിൽ എത്തിച്ചത്. തുടർന്ന് പുള്ള് പാടത്തിന് സമീപം ഒരുക്കിയ പ്രത്യേക വേദിയിൽ നാട്ടൻപാട്ട് കലാകാരന്മാരുടെ കലാപരിപാടികൾ അരങ്ങേറി. കൊട്ടവഞ്ചിയിലും പെഡൽ ബോട്ടിലുമായി ഉൾക്കനാലിലൂടെ ഉല്ലാസയാത്രയും ഒരുക്കിയിരുന്നു. മാവേലിയും പുലിക്കളി സംഘങ്ങളും സംഗമത്തിനെത്തിയവർക്ക് ഒപ്പം കൂടി. അസ്തമയ സമയത്ത് പുള്ളിന്റെ മനോഹാരിതയിൽ ഏവരും പാട്ടിനൊപ്പം നൃത്തംചവിട്ടി. പായസമടക്കം വിഭവ സമൃദ്ധമായ സദ്യയും കഴിച്ചാണ് എല്ലാവരും മടങ്ങിയത്.
ആഘോഷ പരിപാടികളുടെ ഉദ്ഘാടനം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ നിർവഹിച്ചു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ജി. സജീഷ് അദ്ധ്യക്ഷനായി. ഡോ. മഞ്ജുഷ വർഗീസ്, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ശങ്കർ, പാലിയേറ്റീവ് നഴ്‌സ് ബിജി, ജനപ്രതിനിധികൾ, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.