അമ്പല്ലൂർ : അളഗപ്പനഗർ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള വികസന കാര്യ സ്ഥിരം സമിതി യോഗത്തിൽ കോൺഗ്രസിലെ രണ്ട് പേരുടെ നേർക്കുനേർ മത്സരം. വികസനകാര്യ സ്ഥിരം സമിതിയിൽ നാല് അംഗങ്ങളാണുള്ളത്. ഇതിൽ മൂന്ന് കോൺഗ്രസ് അംഗങ്ങളും ഒരു സിപി.ഐ അംഗവും.
കോൺഗ്രസിലെ പ്രിൻസി ഫ്രാൻസിസും പട്ടികവിഭാഗത്തിലെ ദിനിൽ പാലപ്പറമ്പിലുമാണ് നേർക്കുനേർ ഏറ്റുമുട്ടിയത്. ദിനിൽ പാലപ്പറമ്പിലിന് രണ്ട് കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ പ്രിൻസി ഡേവിസിന് ഒരു കോൺഗ്രസ് അംഗവും സി.പി.ഐ അംഗവും വോട്ടു ചെയ്തു. രണ്ട് പേർക്കും തുല്യ വോട്ടായപ്പോൾ നറുക്കെടുത്തു. സി.പി.ഐ അംഗത്തിന്റെ വോട്ടു നേടി വിജയിച്ച പ്രിൻസി ഡേവിസ് അങ്ങനെ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയായി.
വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയായിരുന്ന ഭാഗ്യവതി ചന്ദ്രൻ പഞ്ചായത്ത് വൈസ് പ്രസിഡന്റായതോടെയാണ് പുതിയ തിരഞ്ഞെടുപ്പ് അനിവാര്യമായത്. മുൻധാരണയനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പ്രിൻസൺ തയ്യാലക്കൽ രാജിവെച്ചപ്പോൾ സനൽ മഞ്ഞളിയെ പ്രസിഡന്റാക്കുമെന്നായിരുന്നു ധാരണ. എന്നാൽ അവസാന നിമിഷം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന കെ.രാജേശ്വരിയെ സ്ഥാനാർത്ഥിയാക്കി. രാജേശ്വരി പ്രസിഡന്റായതോടെ സി.പി.ഐ അംഗങ്ങളുടെ സഹായത്തോടെയാണ് രാജേശ്വരിയുടെ ഭരണമെന്നാണ് ആരോപണം.