fery
1

കൊടുങ്ങല്ലൂർ : അഴീക്കോട്- മുനമ്പം ബോട്ട് സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ തയ്യാറാകാത്ത ജില്ലാ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ അഴീക്കോട്- മുനമ്പം പാലം സമരസമിതി പ്രതിഷേധക്കൂട്ടായ്മയും നിൽപ്പ് സമരവും നടത്തി.ഫെറി സർവീസ് പുനരാരംഭിച്ച് ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പാലം സമരസമിതി അഴീക്കോട് ജെട്ടിയിൽ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ പ്ലാച്ചിമട സമരസമിതി കൺവീനറും ഗാന്ധിയൻ കളക്ടീവ് സംസ്ഥാന വൈസ് പ്രസിഡന്റുമായ ഇസാബിൻ അബ്ദുൾ കരിം ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ അഡ്വ. ഷാനവാസ് കാട്ടകത്ത് അദ്ധ്യക്ഷനായി. സമരസമിതി കോ-ഓർഡിനേറ്റർമാരായ പി.എ. സീതി, ഇ.കെ. സോമൻ, ജനറൽ കൺവീനർ കെ.എം. മുഹമ്മദുണ്ണി, സി.എ. റഷീദ്, എൻ.എസ്. ഷിഹാബ്, ടി.എസ്. രാജേന്ദ്രൻ, പി.കെ.എം. അഷറഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ജനങ്ങൾ വലയുന്നു

ജങ്കാർ സർവീസ് നിലച്ച് 45 ദിവസം പിന്നിട്ടിട്ടും ബദൽ സംവിധാനമായ ബോട്ട് സർവീസ് പുനരാരംഭിക്കാത്തത് മൂലം ജനങ്ങൾ വലയുകയാണ്. കിലോമീറ്ററുകൾ ചുറ്റിവളഞ്ഞ് സഞ്ചരിക്കുന്നത് മൂലം സമയ, സാമ്പത്തിക നഷ്ടം ഏറെയാണ്. അഴീക്കോട്- മുനമ്പം പാലം നിർമ്മാണം നടക്കുന്നതിനാലാണ് ജങ്കാർ സർവീസ് നിറുത്തിയത്. ബദലായി മുമ്പുണ്ടായിരുന്ന പോലെ ബോട്ട് സർവീസ് ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും അത് വെള്ളത്തിൽ വരച്ച വര കണക്കെയായി. ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.