
കോടശ്ശേരി: കുണ്ടുകുഴിപ്പാടം കുറ്റിക്കാട് റോഡും തകർന്ന് സഞ്ചാര യോഗ്യമല്ലാതായി. കൃത്യമായി അറ്റകുറ്റപണികൾ നടക്കാത്തതിനാൽ കുണ്ടുകുഴിപ്പാടം സ്‌കൂൾ പ്രദേശത്ത് നിന്ന് കുറ്റിക്കാട് വരെ കാൽനടയ്ക്ക് പോലും പറ്റുന്നില്ല. രണ്ട് സ്വകാര്യ ബസുകളും നിരവധി വാഹനങ്ങളും ഇതുവഴി സ്ഥിരമായി പോകുന്നുണ്ട്. ഇരുചക്ര വാഹനങ്ങളും സ്‌കൂൾ വിദ്യാർത്ഥികളുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
മഴ പെയ്താൽ കുഴികളിൽ ചെളിയും വെള്ളവും നിറയും. റോഡും കുഴികളും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാകും. തകർന്ന് തരിപ്പണമായ റോഡിലൂടെ സർവീസ് നടത്താൻ ബുദ്ധിമുട്ടാണെന്ന് സ്വകാര്യ ബസ് ഉടമകൾ മുന്നറിയിപ്പ് നൽകി.
16 വർഷത്തെ കാത്തിരിപ്പിന് ശേഷം 2019 ലാണ് റോഡ് രണ്ട് ഭാഗത്തായി ടാർ ചെയ്തത്. അന്ന് കുറച്ച് ഭാഗം ടാർ ചെയ്തില്ല. കുണ്ടുകുഴിപ്പാടം കുറ്റിക്കാട് റോഡ് അടിയന്തരമായി കോൺക്രീറ്റിംഗും ടാറിംഗും നടത്തി സഞ്ചാരയോഗ്യമാക്കി ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് കുണ്ടുകുഴിപ്പാടം വെസ്റ്റ് എസ്.എൻ.ഡി.പി ശാഖ പൊതുയോഗം ആവശ്യപ്പെട്ടു. ശാഖാ പ്രസിഡന്റ് പി.ജി.സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ ടി.കെ.മനോഹരൻ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.സി.മനോജ്, ശാഖാ സെക്രട്ടറി ബിന്ദു മനോഹരൻ, വൈസ് പ്രസിഡന്റ് എൻ.ഡി.സുധാകരൻ, കെ.എ.ശിവൻ, ടി.കെ.ബാബു, എൻ.കെ.പൗരൻ, മിനി സുബ്രഹ്മണ്യൻ, ഷിജി ദേവദാസ്, വിജി സുനിൽ എന്നിവർ പ്രസംഗിച്ചു.