ചാലക്കുടി: രൂക്ഷമായി തെരുവുനായ ശല്യത്തിനെതിരെ സത്വര നടപടി സ്വീകരിക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. തെരുവുനായ്ക്കളുടെ വന്ധ്യംകരണവുമായി ബന്ധപ്പെട്ട നടപടികൾക്ക് തൃശൂർ കോർപ്പറേഷനിലെ പദ്ധതിയുമായി സഹകരിച്ച് നടപ്പിലാക്കാൻ ശ്രമിക്കും. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശകൾ കൗൺസിൽ ചർച്ച ചെയ്തു.
തെരുവ് നായ്ക്കളുടെ വിഷയത്തിൽ ചാലക്കുടി നഗരസഭ കൗൺസിൽ നിരവധി പ്രവർത്തനം നടത്തിയിട്ടുണ്ടെന്നും, ജില്ലയിൽ ഇക്കാര്യത്തിൽ കൂടുതൽ പ്രവർത്തനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് ചാലക്കുടി നഗരസഭയെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ പറഞ്ഞു. വളർത്തു നായ്ക്കളുടെ ലൈസൻസും വാക്‌സിനേഷനും ചിപ്പ് ഘടിപ്പിക്കലുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ തുക ഈടാക്കിയെന്നും പ്രസ്തുത തുക വക മാറ്റി ചെലവഴിച്ചെന്നുമുള്ള ആക്ഷേപം വസ്തുതാ വിരുദ്ധമാണെന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു എസ്.ചിറയത്ത് പറഞ്ഞു. നഗരസഭയിലെ വളർത്തുനായ്ക്കളുടെ ലൈസൻസുമായി ബന്ധപ്പെട്ട് ചിപ്പ് ഘടിപ്പിക്കുന്നതിന് 5.5 ലക്ഷം രൂപയോളം ബന്ധപ്പെട്ട സ്ഥാപനത്തിന് നൽകി. നഗരസഭയുടെ അനുമതിയില്ലാതെ തെരുവുനായ്ക്കൾക്ക് ഭക്ഷണ സാധനങ്ങൾ വലിച്ചെറിഞ്ഞു കൊടുക്കുന്നത് കർശനമായി നിയന്ത്രിക്കാനും തീരുമാനിച്ചു.