നെന്മണിക്കര: നെന്മണിക്കര ഇനി ജില്ലയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്ത്. സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് സർക്കാർ ആവിഷ്‌കരിച്ച ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരതയുടെ ഭാഗമാണ് പദ്ധതി. ഡിജി സാക്ഷരത കൈവരിക്കുന്നതിന് ആദ്യപടിയായി സന്നദ്ധ പ്രവർത്തനം നടത്തുന്നതിന് വാർഡുകളിൽ ഡിജി സഭാ യോഗങ്ങൾ ചേർന്ന് 240 വോളന്റിയർമാരെ കണ്ടെത്തി. ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവരുടെ വിവരശേഖരണം നടത്തുന്നതിന് പഞ്ചായത്ത് ഗൂഗിൾ ഫോം തയ്യാറാക്കി വിവരശേഖരണവും ആരംഭിച്ചു. ഇതോടെ ഗൂഗിൾ ഫോമിൽ 298 പേർ വിവരം പങ്കുവച്ചു. ഡിജി ആപ്പിലൂടെ വിവിധ വാർഡിൽ സന്നദ്ധ വൊളന്റിയർമാരെ കൃത്യമായ പരിശീലനവും മോണിറ്ററിംഗും നടത്തി വിവരശേഖരണത്തിന് പ്രാപ്തരാക്കി.
5,270 കുടുംബങ്ങളിൽ നിന്നുള്ള വിവരശേഖരണം നടത്തുന്നതിന് സമാന്തരമായി ഡിജി സാക്ഷരരല്ലാത്തവരെ കണ്ടെത്തി പരിശീലനവും നൽകി. ശേഷം പരിശീലനം നേടിയ വൊളന്റിയർമാർ പഠിതാക്കൾക്ക് ക്ലാസുകൾ സജ്ജമാക്കി. പരിശീലന പ്രവർത്തനങ്ങളെ മോണിറ്ററിംഗ് ചെയ്യുന്നതിന് മോണിറ്ററി സമിതി യോഗം ചേരുകയും വാർഡ് മെമ്പർമാരുടെ ഏകോപനത്തിൽ ഓരോ വാർഡിലെയും പ്രവർത്തന പുരോഗതി വിലയിരുത്തി. സർവേ പ്രവർത്തനം പൂർത്തിയാകുന്നതിനൊപ്പം ലഭ്യമായ പരിശീലന മോഡ്യൂളിനെ അടിസ്ഥാനപ്പെടുത്തി പഠിതാക്കൾക്ക് പരിശീലനം നൽകിയും പരിശീലനം പൂർത്തീകരിച്ച ബാച്ചിന്റെ ഇവാല്യുവേഷനും നടത്തിയും നെന്മണിക്കര ഡിജി സാക്ഷരത കൈവരിച്ചു.
രാത്രി കാലങ്ങളിൽ ക്ലാസ്
അയൽക്കൂട്ട യോഗങ്ങൾ, തൊഴിലുറപ്പ് തൊഴിലിടങ്ങൾ, വായനശാലകൾ, അങ്കണവാടി കേന്ദ്രങ്ങൾ തുടങ്ങി ആളുകളെ ഒന്നിച്ചു ചേർക്കാൻ സാദ്ധ്യമായ എല്ലായിടത്തും എല്ലാ ദിവസങ്ങളിലും പരിപാടികൾ സംഘടിപ്പിച്ചു. പരിശീലനം നേടിയ വൊളന്റിയർമാർ പഠിതാക്കൾക്ക് പ്രധാനമായും വൈകുന്നേരങ്ങളിലും രാത്രി കാലങ്ങളിൽ ക്ലാസുകൾ സജ്ജമാക്കി. അങ്കണവാടി ജീവനക്കാർ, ആശാപ്രവർത്തകർ, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങളും ഹരിതകർമ്മ സേനയും വൊളന്റിയർമാർക്കൊപ്പം പ്രവർത്തിച്ചു.