ഇരിങ്ങാലക്കുട : കാട്ടൂർ റോഡിൽ നിന്നും ആരംഭിക്കുന്ന ബൈപാസ് റോഡ് പൂതക്കുളത്ത് അവസാനിക്കുന്നിടത്ത് നിന്നും ബ്രദർ മിഷൻ റോഡിലേക്ക് കണക്ട് ചെയ്ത് റോഡ് നിർമ്മിക്കുന്നതിന് നഗരസഭാ കൗൺസിൽ യോഗ തീരുമാനം. ഇരിങ്ങാലക്കുട പട്ടണത്തിലേയും ഠാണ ജംഗ്ഷനിലെയും ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന റോഡ് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റും. വികസനത്തിന് കുതിപ്പേകുന്നതും ഇരിങ്ങാലക്കുട നിവാസികളുടെ കാലങ്ങളായുള്ള സ്വപ്നവും ഇതോടെ യാഥാർത്ഥ്യമാകും. സ്ഥല ഉടമകളുമായുള്ള ദീർഘനാളത്തെ ചർച്ചകൾക്ക് ശേഷമാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. കൗൺസിൽ യോഗം പദ്ധതി നടപ്പാക്കുന്നതിനായി പണം വകയിരുത്തുന്നതിനും തീരുമാനിച്ചു.
അതേസമയം കരാറുകാർക്ക് ബിൽ നൽകുന്നതിലെ കാലതാമസത്തിൽ ഇരിങ്ങാലക്കുട നഗരസഭാ എൻജിനിയറിംഗ് വിഭാഗത്തിനെതിരെ നഗരസഭാ കൗൺസിൽ യോഗത്തിൽ വിമർശനം. വിഷയത്തിൽ നഗരസഭാ ചെയർപേഴ്‌സണും നീരസം പ്രകടിപ്പിച്ചു. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിലാണ് വിഷയം ചൂണ്ടിക്കാട്ടി എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ വിമർശനമുന്നയിച്ചത്. കരാറുകാർക്ക് ബിൽ നൽകാൻ കാലതാമസം ഉണ്ടാകുന്നതു മൂലം വാർഡുകളിലെ പല പദ്ധതി പ്രവർത്തനങ്ങളും കരാറുകാർ ഏറ്റെടുക്കുന്നില്ലെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ പുതുതായി ഏർപ്പെടുത്തിയ സംവിധാനത്തിന്റെ പോരായ്മകളാണ് ബിൽ തയ്യാറാക്കുന്നതിൽ വരുന്ന കാലതാമസമെന്ന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയ്‌സൺ പാറേക്കാടൻ വിശദീകരിച്ചു. ഇരിങ്ങാലക്കുട നഗരസഭയിൽ മാത്രമല്ല പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭയിൽ മാത്രമാണ് നിരന്തരമായി പരാതി ഉയരുന്നതെന്നും സങ്കീർണതകൾ ചൂണ്ടിക്കാട്ടി തെറ്റിദ്ധരിപ്പിക്കുവാനാണ് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രമിക്കുന്നതെന്നും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ കെ.ആർ. വിജയ കുറ്റപ്പെടുത്തി. സമീപ പ്രദേശങ്ങളിലെ പഞ്ചായത്തുകളിലൊന്നും ഇത്തരം പരാതികൾ ഉയരുന്നില്ലെന്നും ഇത് ഇരിങ്ങാലക്കുട നഗരസഭയുടെ മാത്രം വിഷയമാണന്നും ബി.ജെ.പി അംഗം ടി.കെ. ഷാജു ചൂണ്ടിക്കാട്ടി.
കരാറുകാർക്ക് കൃത്യമായി പണം നൽകാൻ കഴിയാത്തതിനാൽ പദ്ധതി പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നില്ലെന്ന അംഗങ്ങളുടെ പരാതി യാഥാർത്ഥ്യമാണ്. എൻജിനിയറിംഗ് വിഭാഗത്തിലെ ജീവനക്കാരുടെ യോഗം വിളിച്ച് ചേർത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സെക്രട്ടറിയോട് നിർദ്ദേശിച്ചു.
-സുജ സജ്ഞീവ്കുമാർ
(നഗരസഭാ ചെയർപേഴ്‌സൺ)