ഇരിങ്ങാലക്കുട : ലെജന്റ്‌സ് ഒഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ തിരുവോണപ്പിറ്റേന്ന് പുലികളി ആഘോഷം സംഘടിപ്പിക്കും. മുൻവർഷങ്ങളേക്കാൾ കൂടുതൽ വർണാഭമാക്കി 16ന് ഇരിങ്ങാലക്കുടയിൽ വീണ്ടും പുലികളി സംഘടിപ്പിക്കുകയാണ്. 16ന് ഉച്ചതിരിഞ്ഞ് രണ്ടരമണിക്ക് ടൗൺഹാൾ പരിസരത്ത് നിന്നും ആരംഭിക്കുന്ന പുലികളി ആഘോഷ ഘോഷയാത്ര നഗരസഭാ ചെയർപേഴ്‌സൺ സുജ സഞ്ജീവ്കുമാർ, ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആർ.വിജയ എന്നിവർ ഫ്‌ളാഗ് ഓഫ് ചെയ്യും. പുലികളും പുലിമേളവും ശിങ്കാരിമേളവും ഡി.ജെ വാഹനവും കാവടികളും അടക്കം 200ൽപരം കലാകാരന്മാർ അണിനിരക്കുന്ന വർണാഭമായ പുലികളി ആഘോഷ ഘോഷയാത്ര വൈകിട്ട് 6.30ഓടെ നഗരസഭാ മൈതാനത്ത് എത്തിച്ചേരും.
പുലികളെ കാണാൻ മന്ത്രി എത്തും
പുലിക്കളി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന മന്ത്രി ഡോ. ആർ. ബിന്ദു പുലികളെ കാണും. ലെജന്റ്‌സ് ഒഫ് ഇരിങ്ങാലക്കുടയുടെ ഭവനപദ്ധതിയിലേക്ക് ഒമ്പത് സെന്റ് സ്ഥലം സൗജന്യമായി നൽകിയ ജെയ്‌സൻ പേങ്ങിപ്പറമ്പലിനെ സമാപന സമ്മേളനത്തിൽ ആദരിക്കും. മുൻ ഗവ.ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, നഗരസഭാ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ഡി ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് പോൾ വളപ്പില, ജൂനിയർ ഇന്നസെന്റ്, മുൻ നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി എന്നിവർ പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ ഷാജൻ ചക്കാലയ്ക്കൽ, ലെജന്റ്‌സ് ഒഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരൻ, സെക്രട്ടറി നിതീഷ് കാട്ടിൽ, ട്രഷറർ ടി.ആർ. ബിബിൻ, ഭാരവാഹികളായ ലൈജു വർഗീസ്, സൈഗൺ തയ്യിൽ, കെ.എച്ച്. മയൂഫ്, എം.വി. സെന്റിൽ, എം.എസ്. ഷിബിൻ എന്നിവർ പങ്കെടുത്തു.