വടക്കാഞ്ചേരി : രുചികളുടെ, വിഭവങ്ങളുടെ വൈവിദ്ധ്യങ്ങളുടെ ഓണക്കാലത്ത് സൗവർണ ചാരുതയുമായി വിപണിയിൽ നിറയുകയാണ് ചെങ്ങാലിക്കോടൻ നേന്ത്രക്കുലകൾ. ഗുരുവായൂർ ക്ഷേത്രത്തിൽ കാഴ്ചക്കുലകളായി സമർപ്പിക്കുന്നത് പ്രത്യേകം കൃഷി ചെയ്ത് വിളയിച്ച ഈയിനം കുലകളാണ്. തലപ്പിള്ളി താലൂക്കിലാണ് വ്യാപക കൃഷി. വടക്കാഞ്ചേരി ബ്ലോക്കിലെ എരുമപ്പെട്ടി, വേലൂർ, മുണ്ടത്തിക്കോട്, പുഴയ്ക്കൽ ബ്ലോക്കിലെ പുത്തൂർ, തോളൂർ പ്രദേശങ്ങളിലാണ് കൃഷി ഏറെയുള്ളത്. ചെങ്ങഴിക്കോടൻ എന്നാണ് മറ്റൊരു നാമം. 12 മുതൽ 25 കിലോഗ്രാം വരെ തൂക്കമുള്ള കുലകളാണ് സവിശേഷത.

പടലകൾ പിരിഞ്ഞ്, ആനക്കൊമ്പ് പോലുള്ള കായകൾ പഴുക്കുമ്പോൾ സ്വർണവർണമാകും. അതിൽ കരപോലെ, തവിട്ടുനിറത്തിലുള്ള നീളൻ വരകളും രൂപപ്പെടും. ഉപ്പേരിയുണ്ടാക്കാനും പഴംനുറുക്കിനും ശർക്കര വരട്ടിക്കും ധാരാളമായി ഉപയോഗിക്കും.

കൃഷിയും സവിശേഷം

കൃഷിക്ക് പ്രത്യേകം പരിപാലനമുറ ആവശ്യമാണ്. തെരഞ്ഞെടുത്ത മാതൃവാഴയിൽ നിന്ന് ഇളക്കിയെടുത്ത മൂന്നരമാസം മൂപ്പുള്ള കന്നുകളാണ് നടീൽ വസ്തു. കാർഷിക സർവകലാശാലയുടെ വിപണന കേന്ദ്രങ്ങൾ, അത്താണി പെരിങ്ങണ്ടൂർ സഹകരണ ബാങ്കിന് കീഴിലുള്ള ഗ്രീൻ ആർമി വിപണകേന്ദ്രം, വടക്കാഞ്ചേരി ബ്ലോക്കിന് കീഴിലുള്ള കർഷകർ എന്നിവരിലൂടെ ഭൗമസൂചിക പദവി ലഭിച്ച ചെങ്ങഴിക്കോടൻ തൈകൾ ലഭിക്കും. കേരള കാർഷിക സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സംരക്ഷണവിഭാഗം, കണ്ണാറ വാഴ ഗവേഷണകേന്ദ്രം, കൃഷിവകുപ്പ്, പെരിങ്ങണ്ടൂർ സഹകരണബാങ്ക്, വടക്കാഞ്ചേരി വികസന ബ്ലോക്ക് എന്നിവരുടെ സംയുക്ത പ്രവർത്തനങ്ങളാണ് ചെങ്ങഴിക്കോടൻ നേന്ത്രന് അന്താരാഷ്ട്ര പ്രാമുഖ്യം നേടിയെടുക്കാൻ സഹായിച്ചത്. ഇപ്പോൾ ഒരു കിലോ പഴത്തിന് 100 രൂപ മുതൽ മുകളിലോട്ടാണ് വില.

ലാഭവും ഗ്യാരന്റി


ഒരു വാഴയിൽ നിന്ന് 4 കന്നുകൾ വരെ.
കന്നിന് 40-50 രൂപ വരെ വില
നല്ല കുലയ്ക്ക് ചുരുങ്ങിയത് 1000 രൂപ ഉറപ്പ്
കന്നിലൂടെ 400 രൂപയുടെ വരുമാനം