തൃശൂർ : ഓണമായിട്ടും നഗരത്തിലെ റോഡുകൾ റീ ടാറിംഗ് നടത്താനോ കുഴികളടയ്ക്കാനോ തയ്യാറാകാതെയുള്ള കോർപ്പറേഷൻ നടപടിയിൽ പ്രതിഷേധം. ഓണക്കാലത്ത് നഗരത്തിലെത്തുന്നവരുടെ തിരക്കേറിയതോടെ ഗതാഗത കുരുക്കേറി. വരുന്നവരെല്ലാം ഈ കുണ്ടും കുഴിയും താണ്ടി വേണം വരാൻ. നഗരത്തിലെ ഒട്ടുമിക്ക റോഡുകളും തകർന്നു. കുഴികളുടെ ആഴം കൂടുമ്പോൾ ടാറില്ലാതെ മെറ്റൽ കൊണ്ടിട്ട് മൂടുകയെന്ന സൂത്രപണിയാണ് ആകെ ചെയ്യുക. റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരെ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രതിഷേധം ഉയർത്തിയെങ്കിലും നടപടിയെടുക്കേണ്ടവർ തിരിഞ്ഞു നോക്കിയിട്ടില്ല. അശ്വനി ജംഗ്ഷൻ, പടിഞ്ഞാറെക്കോട്ട എന്നിവിടങ്ങളിലെല്ലാം വലിയ ഗർത്തങ്ങളാണ്. ദിവാൻജിമൂല പാലം കഴിഞ്ഞാൽ പടിഞ്ഞാറെക്കോട്ടയിലേക്ക് പോകുമ്പോൾ ഉഴുതിട്ട പാടം പോലെയാണ് റോഡ്. കുണ്ടും കുഴിയുമായി സാഹസിക യാത്രയാണ് ഇവിടെ. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടാതെ പോകുന്നത് ഭാഗ്യം കൊണ്ടാണ്. ഈ കുണ്ടും കുഴിയിൽ നിന്ന് രക്ഷപ്പെടാൻ വഞ്ചിക്കുളം റോഡിലേക്ക് തിരിഞ്ഞാൽ റെയിൽ ഗുഡ്സ് യാർഡിന് സമീപവും റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പലപ്പോഴും ഇതുവഴിയുള്ള ബസുകളുടെ മത്സരയോട്ടവും അപകട ഭീതി ഉയർത്തുന്നു.
കുറുപ്പം റോഡ് തോടായി
കുറുപ്പം റോഡ് നിലവിൽ തോടായി. ചെട്ടിയങ്ങാടിക്ക് അടുത്തെത്തുമ്പോൾ രൂപപ്പെട്ട കുഴിയിൽ ടയർ കുടുങ്ങിപ്പോയി വാഹനം മറിയുന്നത് നിത്യസംഭവമാണ്. കഴിഞ്ഞദിവസം ഇത്തരത്തിൽ ഒരു സ്‌കൂട്ടർ യാത്രികൻ വീണു. കൈയ്ക്കും കാലിനും പരിക്കേറ്റു. മഴ പെയ്ത് വെള്ളം നിറഞ്ഞാൽ അപകടസാദ്ധ്യത ഇരട്ടിയാകും. മുന്നൂറ് മീറ്ററോളം റോഡിൽ ഇരുപതിലേറെ കുഴികളുണ്ട്. കൂർക്കഞ്ചേരി മുതൽ റൗണ്ട് വരെയുള്ള ഭാഗം കോൺക്രീറ്റ് ചെയ്യാനുള്ള നടപടികൾ കോർപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്.
മാവേലിയും കൂടെപ്പോരും
കുമ്മാട്ടികളിക്കും പുലിക്കളിക്കും ഇനി ദിവസങ്ങൾ മാത്രം. പുലിക്കൂട്ടങ്ങളും കുമ്മാട്ടികളും പൂര നഗരിയിലേക്ക് എത്തുമ്പോൾ ചെറുതും വലതുമായ നിരവധി പാതാളകുഴികളാണ് കാത്തിരിക്കുന്നത്. പാണ്ടി സമൂഹം റോഡിന് സമീപം തകർന്ന് തരിപ്പണമായി. രാത്രി കാലങ്ങളിൽ നിരവധി പേരാണ് അപകടത്തിൽപ്പെടുന്നത്.
സ്വകാര്യബസുകൾ തോന്നിയ പോലെ
കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ താണ്ടി സ്വകാര്യ വാഹനങ്ങളും ടാക്‌സികളും ഓട്ടോകളുമെല്ലാം കടന്നുപോകുന്നതിനിടെ സ്വകാര്യ ബസുകൾ കാണിക്കുന്ന അതിക്രമം ചെറുതല്ല. ബ്ലോക്ക് കണ്ടാൽ കണ്ട വഴിയിലൂടെ പറക്കും. ഇത് കുരുക്ക് വർദ്ധിപ്പിക്കും. ഇതിനിടയിൽ പൊലീസിന്റെ അനാവശ്യ ട്രാഫിക് നിയന്ത്രണങ്ങളും ദുരിതമാണ് സമ്മാനിക്കുന്നത്.