കൊടുങ്ങല്ലൂർ: രാജ്യത്തെ മികച്ച കലാലയങ്ങളിൽ 25 ശതമാനം കേരളത്തിലാണെന്ന് മന്ത്രി ഡോ. ആർ.ബിന്ദു അഭിപ്രായപ്പെട്ടു. പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളേജിൽ സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതി വഴി ലഭിച്ച 6.22 കോടി ചെലവഴിച്ച് നിർമ്മിച്ച അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ഏറ്റവും മികച്ച കലാലയമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് യൂണിവേഴ്‌സിറ്റി കോളേജെന്ന സർക്കാർ കലാലയമാണ്. ഏകാത്മക ഭാഷണത്തിൽ നിന്ന് ക്ലാസ് മുറികളെ സംവാദാത്മക ക്ലാസ് മുറികളാക്കാനാണ് പുതിയ നാലു വർഷപാഠ്യ പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോളേജിന് പുതിയ ഹോസ്റ്റൽ കെട്ടിടം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരം അദ്ധ്യക്ഷത വഹിച്ച അഡ്വ. വി.ആർ.സുനിൽകുമാർ എം.എൽ.എ അറിയിച്ചു.
വയനാട് പ്രകൃതി ദുരന്തമുഖത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപ്പെട്ട പി.പി. ഷഫ്‌ന, ടി.ആർ. സൂര്യരാജ് എന്നീ വിദ്യാർത്ഥികളെ മന്ത്രി ആദരിച്ചു. ഫിസിക്‌സ് വിഭാഗം അസി.പ്രൊഫസർ വി. അരുണും ക്രൈസ്റ്റ് കോളേജ് റിട്ടയേർഡ് പ്രൊഫസർ ഡോ. കെ.വൈ. ഷാജുവും ചേർന്ന് അപ്ലൈഡ് ഫിസിക്‌സ് സിലബസിനനുസൃതമായി തയ്യാറാക്കിയ 'ഫണ്ടമെന്റൽസ് ഒഫ് ഫിസിക്‌സ്' എന്ന പാഠപുസ്തകം ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജി. ഉഷാകുമാരി, വാർഡ് കൗൺസിലർ പി.എൻ. വിനയചന്ദ്രൻ, കോളേജ് സൂപ്രണ്ട് പി.സി. ഷാജി, എ. അനാമിക, എം.ആർ. സുനിൽദത്ത്, പ്രൊഫ. ഡോ. ബിന്ദു ഷർമിള, ഡോ.രമണി എന്നിവർ സംസാരിച്ചു.