തൃശൂർ: വി.കെ. മോഹനൻ കാർഷിക സംസ്‌കൃതിയുടെ നേതൃത്വത്തിൽ 13, 14 തീയ്യതികളിൽ ഓണച്ചന്തകൾ സംഘടിപ്പിക്കുമെന്ന് ചെയർമാൻ അഡ്വ. വി.എസ്. സുനിൽ കുമാർ അറിയിച്ചു. 13ന് രാവിലെ 8.30ന് തൃശൂർ പടിഞ്ഞാറെക്കോട്ടയിൽ മന്ത്രി കെ. രാജൻ ഓണച്ചന്തകളുടെ ഉദ്ഘാടനം നിർവഹിക്കും. വി.കെ. മോഹനൻ കാർഷിക സംസ്‌കൃതി ചെയർമാൻ അഡ്വ. വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനാകും. ഒളരി സെന്റർ, പെരിങ്ങോട്ടുകര, ചാവക്കാട് എന്നിവിടങ്ങളിലും ഓണച്ചന്തകൾ സംഘടിപ്പിക്കുന്നുണ്ട്. മികച്ച കാർഷിക വിഭവങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. കാർഷിക സംസ്‌കൃതിയുടെ കീഴിൽ പ്രവർത്തിക്കുന്ന കർഷകരുടെ വിവിധ കാർഷിക വിഭവങ്ങളും സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഹോർട്ടികോർപ്പിന്റെ ഉത്പന്നങ്ങളും ഓണച്ചന്തകളിൽ ലഭിക്കും.