anganwadi
1

അന്നമനട: അന്നമനട പഞ്ചായത്തിലെ മലയാംകുന്നിലെ അംഗൻവാടി കണ്ടാൽ ഇനി ആരും ഞെട്ടും. ശോചനീയാവാസ്ഥയിലായ കെട്ടിടം അടിമുടി നവീകരിച്ച് ഹൈടെക് സംവിധാനങ്ങളോടെ സ്മാർട്ടായിരിക്കയാണ്. 1985ൽ പഞ്ചായത്തിന് അംഗൻവാടി കെട്ടിടം നിർമ്മിച്ച് കൈമാറിയ മലയാംകുന്ന് കെ.എസ്.ബി മിൽ കൺട്രോൾ കമ്പനി നിലവിലെ അംഗൻവാടി കെട്ടിടം കാലപ്പഴക്കത്താൽ ശോചനീയാവസ്ഥയിലായപ്പോൾ അതിന് പുത്തൻ ഈടുംപാവും പകർന്ന് നൽകിയിരിക്കയാണ്. കമ്പനിയുടെ 18 ലക്ഷം രൂപയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ആധുനിക സൗകര്യങ്ങളോടെ അംഗൻവാടി കെട്ടിടം നവീകരിച്ചത്. നിലവിലുണ്ടായിരുന്ന അംഗൻവാടി കെട്ടിടത്തിന്റെ കാലപ്പഴക്കവും സ്ഥലപരിമിതിയും വാർഡ് മെമ്പറായ ടി.കെ. സതീശൻ കമ്പനി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് നവീകരണത്തിന് തുടക്കമിട്ടത്.

ഹൈടെക് സൗകര്യങ്ങളോടെ നവീകരിച്ച അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനവും വിദേശ പ്രതിനിധികളുടെ അംഗൻവാടി സന്ദർശനവും ഇന്നലെ നടന്നു. കെ.എസ്.ബി കമ്പനിയുടെ ജർമ്മനി, ഫ്രാൻസ് അടക്കമുളള രാജ്യങ്ങളിലെ ബോർഡ് മെമ്പർമാരായ രാജീവ് ജെയിൻ, സ്റ്റീഫൻ ബോസ്, ബോറിസ് ലം പാർഡ്, മോഹൻ പാട്ടിൽ, എം. രാജ എന്നിവർക്കൊപ്പം കമ്പനി മാനേജിംഗ് ഡയറക്ടർ എസ്. മഹേഷ്, എച്ച്.ആർ: മാനേജർ ബി. ഹരികൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യൂട്ടീവ് എം.കെ. ശ്രീരാജ് എന്നിവരുമെത്തിയിരുന്നു. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അദ്ധ്യക്ഷനായി. ലക്ഷ്മി മോഹനൻ എം.എച്ച്. നൗഷാദ്, ഇന്ദിരകുമാരി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. വാർഡ് മെമ്പർ ടി.കെ. സതീശൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ജയൻ, കെ.എ. ഇക്ബാൽ, മഞ്ജു സതീശൻ, കെ.കെ. രവി നമ്പൂതിരി, കെ.എ. ബൈജു, ഷീജ നസീർ എന്നിവർ പ്രസംഗിച്ചു.

കുട്ടികളെ സ്മാർട്ടാക്കും

അംഗൻവാടികളിലെത്തുന്ന കുരുന്നുകൾക്ക് കൗതുകവും വിനോദവും വിജ്ഞാനവും പകർന്നുനൽകാൻ ഉതകുന്ന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഹൈടെക് ക്ലാസ് മുറി, എൽ.ഇ.ഡി വാൾ, ശുചിത്വ അടുക്കള, കുട്ടികളുടെ പാർക്ക്, ടോയ്‌സ് ലാന്റ്, ചിത്രകലകൾ എന്നിവ അടക്കമുള്ള ഗ്രീൽ പ്രോട്ടോകോൾ സംവിധാനങ്ങളാണുള്ളത്. കേരളത്തിൽ തന്നെ മികച്ച രീതിയിൽ ഒരുക്കിയിട്ടുളള സ്മാർട്ട് അംഗൻവാടി കുരുന്നുകൾക്ക് വിസ്മയകരമായ അനുഭൂതി പകർന്ന് നൽകും.