
കോടാലി : സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മിൽമയുമായി സംയോജിച്ച് നടപ്പിലാക്കുന്ന മിൽമ പാർലർ-മിൽമ ഷോപ്പി വായ്പാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കെ.കെ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കോർപ്പറേഷൻ നൽകുന്ന വായ്പ ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി ജില്ലയിലെ കോടാലിയിൽ മിൽമ ഷോപ്പി ആരംഭിച്ച പ്രവീണയുടെ സംരംഭത്തിന് പ്രാരംഭം കുറിച്ച് ആദ്യ വിൽപ്പന നടത്തിയാണ് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തത്.
കോർപ്പറേഷന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന മിൽമ പാർലർ-മിൽമ ഷോപ്പി പദ്ധതിയിലൂടെ പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗത്തിലെ ഊർജ്ജസ്വലരായ യുവതീ യുവാക്കൾക്ക് കുറഞ്ഞ മുതൽ മുടക്കിൽ മികച്ച വരുമാനം നൽകുന്ന സംരംഭങ്ങൾ ആരംഭിക്കാനുള്ള സുവർണാവസരമാണ് കോർപ്പറേഷൻ ഒരുക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. കോർപ്പറേഷന്റെ വിവിധ പദ്ധതികൾ പ്രകാരമുള്ള വായ്പാ വിതരണവും നടത്തി. പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാൻ യു.ആർ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി.പി.സുബ്രഹ്മണ്യൻ, മറ്റത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ കെ.വി.ഉണ്ണിക്കൃഷ്ണൻ, കെ.എസ്.സൂരജ്, മിൽമ തൃശൂർ ഡയറി മാനേജർ സി.സജിത്ത്, റെജിമോൻ, കോർപ്പറേഷൻ ജില്ലാ മാനേജർ ടി.പി.വിദ്യ എന്നിവർ സംസാരിച്ചു.