പാവറട്ടി : ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരിശീലനം നൽകുന്ന സ്ഥാപനമായ നീഹാരം ബഡ്‌സ് സ്‌കൂൾ എളവള്ളി പഞ്ചായത്തിൽ തുറന്നു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് സ്ഥാപനം. എളവള്ളി പാറ സെന്ററിന് സമീപമുള്ള കളിസ്ഥലത്തിനോട് ചേർന്നാണ് സ്‌കൂൾ.
നിലവിൽ രണ്ട് ബഡ്‌സ് സ്‌കൂൾ അദ്ധ്യാപകരും ഒരു ആയയും സ്പീച്ച് തെറാപ്പിസ്റ്റ്,ഫിസിയോതെറാപ്പിസ്റ്റ് എന്നിവരും അടങ്ങുന്ന ടീമിന്റെ സേവനമാണ് സ്‌കൂളിൽ ലഭ്യമാക്കിയിട്ടുള്ളത്. മൂന്ന് ക്ലാസ് മുറികൾ, വിശ്രമമുറി, അടുക്കള, ടോയ്‌ലറ്റുകൾ, സ്റ്റോർ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ മിഷൻ അനുവദിച്ച 25 ലക്ഷം രൂപയിൽ 12.5 ലക്ഷം രൂപ ചെലവിട്ടാണ് പഠന പരിശീലന ഉപകരണങ്ങൾ വാങ്ങിയത്. മറ്റ് ആവശ്യങ്ങൾക്ക്് 10 ലക്ഷം രൂപ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തും അനുവദിച്ചു.
ദൈനംദിന ചെലവുകളിലേക്ക് എളവള്ളി ജലനിധി ശുദ്ധജല പദ്ധതി മാസംതോറും 5000 രൂപ വീതവും അനുവദിച്ചു. കുട്ടികൾക്ക് പഞ്ചായത്ത് നൽകുന്ന പഠനോപകരണ കിറ്റുകളുടെ വിതരണവും ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനവും കെ.രാധാകൃഷ്ണൻ എം.പി.നിർവഹിച്ചു. മണലൂർ എം.എൽ.എ. മുരളി പെരുനെല്ലി അധ്യക്ഷത വഹിച്ചു.
പ്രവേശനം സൗജന്യം
30 കുട്ടികൾ വരെ പ്രവേശനത്തിന് സാദ്ധ്യതയുള്ള സ്‌കൂളിൽ 13 കുട്ടികൾ പ്രവേശനം നേടി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിക്കുള്ളിൽപ്പെടുന്ന നാല് പഞ്ചായത്തിൽ നിന്നുള്ള കുട്ടികൾക്ക് പ്രവേശനത്തിന് യോഗ്യതയുണ്ട്. കുട്ടികൾക്ക് പ്രവേശനവും പരിശീലനവും വാഹനസൗകര്യവും ഭക്ഷണവും സൗജന്യമാണ്. മൂന്നു മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം.