വടക്കാഞ്ചേരി: അടച്ച് പൂട്ടിയ വിരുപ്പാക്ക മിൽ തൊഴിലാളികൾ തിരവോണ ദിനത്തിൽ പട്ടിണി സമരത്തിന്. 2023 ഫെബ്രുവരി ആറിനാണ് പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ള സഹകരണ സ്ഥാപനം വിരുപ്പാക്ക തൃശൂർ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ അടച്ചുപൂട്ടിയിട്ട്. തൊഴിലാളികൾക്ക് ഓണത്തിന് ആനുകൂല്യം ലഭിച്ചില്ല. കഴിഞ്ഞദിവസം തൊഴിലാളികൾ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയെ കാണാൻ ഓട്ടുപാറയിലെ വസതിയിലെത്തിയെങ്കിലും കാണാനായില്ല. മിൽ തുറക്കുന്നതിന് ഭരണകൂടം ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. നബാർഡ് എൻ.സി.ഡി.സി വായ്പ തിരിച്ചടക്കാൻ കഴിയാത്ത പ്രതിസന്ധിയും രൂക്ഷമാണ്. തുടർന്നാണ് സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് തിരുവോണ നാളിൽ പട്ടിണി സമരം നടത്താൻ സംയുക്ത തൊഴിലാളി യൂണിയൻ രംഗത്തെത്തിയത്. സർക്കാർ തങ്ങളെ ദ്രോഹിക്കുകയാണെന്ന് പി.പരമേശ്വരൻ നായർ ( ഐ.എൻ.ടി.യു.സി.), എം.എസ്.പ്രദീപ് (സി.ഐ.ടി.യു) ,വി.സി.ഷാജി (ബി.എം.എസ് ),എം.കെ.സുന്ദരൻ (എംപ്ലോയീസ് യൂണിയൻ) എന്നിവർ പറഞ്ഞു.
പട്ടിണി ഓണം
പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കാലത്ത് എക്‌സ്‌ഗ്രേഷ്യ ധനസഹായം അനുവദിക്കുന്നതിന്റെ ഭാഗമായി വിരുപ്പാക്ക മിൽ തൊഴിലാളികൾക്ക് 2,000 രൂപ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തൊഴിലാളികൾ. ഇതിനായി തൊഴിലാളികളുടെ വിശദാംശങ്ങൾ നൽകിയിരുന്നെങ്കിലും അനുകൂലമായ ഒരു മറുപടിയും ഉണ്ടായില്ല. ലേബർ ഓഫീസറെ സമീപിക്കുമ്പോൾ അവർ കൈ മലർത്തുകയാണെന്നും തൊഴിലാളികൾ പറയുന്നു.