viyyur

വിയ്യൂർ : സെൻട്രൽ ജയിലിൽ ഓണാഘോഷ പരിപാടിയിൽ വെനസ്വല രാജ്യത്തെ തടവുകാരനും പുലി വേഷം കെട്ടി തിമിർത്താടി. വയറൻ പുലികളും വേട്ടക്കാരനും കുമ്മാട്ടിയും ചെണ്ടമേളവുമായി ഇരുപതോളം പേർ പുലിക്കളിയിൽ പങ്കെടുത്തു. സംഘം ഓരോ ബ്ലോക്കിലും പോയി പ്രകടനം കാഴ്ച വെച്ചു.

തുടർന്ന് വാശിയേറിയ വടംവലി മത്സരവും നടന്നു. പൂക്കള മത്സരം തിരുവോണ നാളിലാണ്. ഫ്യൂഷൻ മ്യൂസിക്ക് പ്രോഗ്രാമുണ്ടായിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ 14 രാജ്യങ്ങളിലെ 43 പേർ തടവുകാരായുണ്ട്. അഞ്ച് പേർ ശിക്ഷാ തടവുകാരും ബാക്കി റിമാൻഡുകാരുമാണ്. വധശിക്ഷ വിധിച്ച ആറ് പേരുൾപ്പെടെ 1100 പേരെ പാർപ്പിച്ചു വരുന്നുണ്ട്. ഇത് നിയമാനുസൃത പാർപ്പിട ശേഷിയുടെ ഇരട്ടിയാണ്.