onam
വലപ്പാട് ജി.ഡി.എം.എൽ.പി സ്‌കൂളിൽ നടന്ന കുരുന്നുകളുടെ ഉറുമ്പൂട്ടലിലൂടെയുള്ള ഓണാഘോഷം.

വലപ്പാട്: ഉറുമ്പുകളെ ഊട്ടിയാണ് വലപ്പാട് ജി.ഡി.എം.എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ ഓണമാഘോഷിക്കുന്നത്. കുഞ്ഞനുറുമ്പുകൾക്കാണ് വിദ്യാർത്ഥികൾ ഓണസദ്യയൊരുക്കി നൽകിയത്. അവിലും ശർക്കരയും നാളികേരവും കുഴച്ച് വാഴയിലക്കീറിൽ വിദ്യാലയാങ്കണത്തിലെ ഉറുമ്പുകളെയാണ് ഊട്ടിയത്. ഉറുമ്പേ, ഉറുമ്പേ ഓണം വന്നേ, കുഞ്ഞനുറുമ്പേ ഓണം വന്നേ എന്ന വായ്ത്താരിയുമായി മാവേലിയോടൊത്താണ് കുരുന്നുകൾ ഉറുമ്പുകൾക്ക് ഭക്ഷണം പകർന്നത്. ഒരു പീഡ ഉറുമ്പിനും വരുത്തെരുതെന്ന് തുടങ്ങുന്ന ശ്രീനാരായണ ഗുരുവിന്റെ അനുകമ്പാദശകത്തിലെ വരികൾ. ബുദ്ധൻ, ഗാന്ധി, ഖലീൽ ജിബ്രാൻ, കുമാരനാശാൻ, വയലാർ എന്നിവരുടെ സ്‌നേഹ വചനങ്ങളും വിദ്യാർത്ഥികൾ ആലപിച്ചു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഷാനുജ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപകൻ സി.കെ. ബിജോയ് അദ്ധ്യക്ഷനായി. മാതൃസംഗമം പ്രസിഡന്റ് മനീഷ ജിജിൽ, ആർ.ആർ. സുബ്രഹ്മണ്യൻ, സബിത കലേഷ്, പാർവതി ദിലീപ്, കെ.എച്ച്. ഷാനിബ എന്നിവർ സംസാരിച്ചു.