uthradam

തൃശൂർ : ഓണത്തിരക്കിൽ നാടമരുമ്പോൾ ഇന്ന് ഉത്രാടപ്പാച്ചിലിന്റെ തിക്കും തിരക്കും. സദ്യവട്ടങ്ങളും മറ്റും വാങ്ങാനും, ഓണക്കോടി എടുക്കാനും പൂക്കളത്തിനായി പൂ വാങ്ങാനുമെല്ലാം മലയാളികൾ ഇന്ന് ഓട്ടപ്പാച്ചിലിലാകും. രാവിലെ മുതൽ നാടും നഗരവും തിരക്കിലമരും. രണ്ട് ദിവസമായി മഴ ഒഴിഞ്ഞ് നിൽക്കുന്നത് കച്ചവടക്കാർക്ക് പ്രതീക്ഷയേകുന്നു. ഓണവിപണി ലക്ഷ്യമിട്ട് വഴിയോരക്കച്ചവടക്കാരും നിരത്തിൽ സജീവമാണ്. മാവേലിയെ വരവേൽക്കാനുള്ള തൃക്കാക്കരയപ്പൻ, പൂക്കൾ എന്നിവയ്‌ക്കൊപ്പം നേന്ത്രക്കായയും ഉത്രാടത്തിലെ സൂപ്പർസ്റ്റാറാണ്. ക്ഷേത്രങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ കാഴ്ച്ചക്കുല സമർപ്പണം നടക്കും.

ഗുരുവായൂർ, കൊടുങ്ങല്ലൂർ, തൃപ്രയാർ, കൂടൽമാണിക്യം, പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിൽ കാഴ്ച്ചക്കുല സമർപ്പണമുണ്ടാകും. തൃക്കാക്കരയപ്പന് മൂന്നെണ്ണത്തിന്റെ സെറ്റിന് 150 മുതൽ 200 രൂപ വരെ വിലയുണ്ട്. പ്ലാസ്റ്റിക് പൂക്കൾക്ക് പത്ത് രൂപ മുതലാണ് വില. പച്ചക്കറിക്കും പലവ്യഞ്ജനങ്ങൾക്കും വിപണിയിൽ തരക്കേടില്ലാത്ത വിലയുണ്ട്. പച്ചക്കറിക്ക് പൊള്ളുന്ന വിലയില്ലെങ്കിലും പലചരക്കിന്റെ വില കൂടുതലാണ്. അരി, പരിപ്പ്, മുളക് ഉൾപ്പെടെയുള്ളവയ്ക്ക് പൊള്ളുന്ന വിലയാണ്. സർക്കാരിന്റെ ഓണച്ചന്തകളിലും തിരക്കുണ്ട്. ഗൃഹോപകരണ വിപണിയും മൊബൈൽ ഫോൺ മേഖലയും ഉണർവിലാണ്.

പൂരാട നാളിലും തിരക്കേറി

ഇന്നലെയും നഗരത്തിൽ വൻതിരക്കായിരുന്നു. സർക്കാർ തലത്തിൽ ഔദ്യോഗിക ഓണാഘോഷം ഇല്ലെങ്കിലും ഭൂരിഭാഗം സ്ഥാപനങ്ങളിലും ഓണപ്പൂക്കളും ഓണസദ്യയും ഒരുക്കി. കോളേജുകളിലും മാറ്റമുണ്ടായില്ല. തേക്കിൻകാട് മൈതാനിയിൽ നൂറിലേറെ കച്ചവടക്കാരാണ് ഇന്നലെ രാവിലെ മുതൽ സ്ഥാനം പിടിച്ചത്. രാവിലെ തിരക്ക് അൽപ്പം കുറവായിരുന്നെങ്കിലും ഉച്ചകഴിഞ്ഞതോടെ തിരക്കേറി. വസ്ത്രവ്യാപാര കടകളിലും വൻ തിരക്കായിരുന്നു. വടക്കുന്നാഥന്റെ കിഴക്കെനടയിലെ പൂവിപണിയിലും തിരക്കുണ്ടായി. ആഴ്ച്ചകൾക്ക് മുമ്പേ മൺപാത്ര നിർമ്മാണ കച്ചവടക്കാരും സ്ഥാനം പിടിച്ചിരുന്നു.

സൂപ്പർ സ്റ്റാറാകാൻ 'പാലട പ്രഥമൻ'

ഓണസദ്യയിലെ സൂപ്പർസ്റ്റാറാണ് പാലട പ്രഥമൻ. നാളെ പതിനായിരക്കണക്കിന് ലിറ്റർ പാലടയാണ് ഒരുക്കുക. പാലടയ്ക്കുള്ള ഒരുക്കം ഇന്ന് രാവിലെ മുതൽക്കേ തുടങ്ങും. ലിറ്ററിന് പല സ്ഥലങ്ങളിലും വ്യത്യസ്തമായ വിലയാണ് ഈടാക്കുന്നത്. ഭൂരിഭാഗം പാലും അന്യസംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്. മിൽമയും കൂടുതൽ പാൽ വിപണിയിലിറക്കുന്നുണ്ട്. ഒരു ലിറ്റർ പാലട പ്രഥമന് 200 മുതൽ 250 രൂപ വരെ വിലയുണ്ട്. അരിയടക്കം പലചരക്ക് സാധനങ്ങൾക്ക് വില വർദ്ധിച്ചതോടെ ഓണസദ്യയിലും നിരക്കിലും ഇത്തവണ മാറ്റമുണ്ടായി. ഇത്തവണ വിഭവങ്ങളുടെ എണ്ണം കൂടുന്നതോടെ ഓണ സദ്യക്ക് വിലയേറും. ഓണസദ്യക്ക് 2,00 രൂപ മുതൽ 3,50 രൂപ വരെ വാങ്ങുന്നവരുണ്ട്. രാവിലെ ഏഴ് മുതൽ ഓണസദ്യ നൽകിത്തുടങ്ങും.