തൃപ്രയാർ: ഓണാഘോഷത്തിന്റ ഭാഗമായി നടത്താറുള്ള ജലോത്സവങ്ങൾ ഇത്തവണയില്ലാത്തത് ആഘോഷത്തിന്റെ നിറം കെടുത്തുന്നതായി വള്ളംകളി ആരാധകർ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം കണ്ടശ്ശാംങ്കടവ്, തൃപ്രയാർ ജലോത്സവങ്ങൾ നടത്തേണ്ടതില്ലെന്ന് സംഘാടക സമിതികൾ തീരുമാനിക്കുകയായിരുന്നു. ജില്ലയിലെ പേരുകേട്ട ജലോത്സവങ്ങളാണ് കണ്ടശ്ശാങ്കടവിലേതും തൃപ്രയാറിലേതും. തിരുവോണ നാളിലാണ് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിന് മുൻവശം ഇരുകരകളുടെയും സംയുക്ത നേതൃത്വത്തിൽ കനോലിക്കനാലിൽ ജലോത്സവം നടക്കാറുള്ളത്. ചീഫ് മിനിസ്‌ട്രേഴ്‌സ് ട്രോഫിക്കായി രണ്ടോള നാളിൽ കണ്ടശ്ശാംങ്കടവിലും ജലോത്സവം നടക്കാറുണ്ട്. ഓണാഘോഷത്തിന് മാറ്റുകൂട്ടൂന്ന തീരദേശമേഖലയിലെ പ്രധാന ആഘോഷങ്ങളാണ് രണ്ടും. ചുണ്ടൻ, ഇരുട്ടുകുത്തി ചുരുളൻ വള്ളങ്ങളാണ് മത്സരങ്ങളിൽ പങ്കെടുക്കാറുള്ളത്. പതിനായിരകണക്കിനാളുകളാണ് ഇരുപരിപാടികളിലുമായി പങ്കെടുക്കാറുള്ളത്. ജലോത്സവം ഉണ്ടാവുമെന്ന പ്രതീക്ഷയിൽ മത്സരങ്ങളിൽ പങ്കെടുക്കാറുള്ള ജില്ലയിലെ ക്ലബ്ബുകൾ ഇത്തവണയും ഒരു മാസം മുമ്പേ കനാലിൽ പരിശീലനം തുടങ്ങിയിരുന്നു. അതിനിടെയാണ് ജലോത്സവം ഇല്ലെന്ന അറിയിപ്പ് വന്നതും മത്സരങ്ങൾ ഉപേക്ഷിച്ചതും.