arimboor-krishi

ഇറിഗേഷൻ കനാലിൽ നിന്നും പുള്ള്- മനക്കൊടി റോഡ് കവിഞ്ഞ് വാരിയം കോൾപ്പടവിലേക്ക് ഒഴുകുന്ന വെള്ളം.

അരിമ്പൂർ : വെള്ളം വറ്റിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ ഇറിഗേഷൻ വകുപ്പിനുണ്ടായ വീഴ്ച മൂലം വാരിയം കോൾപ്പടവ് ഉൾപ്പടെ വിവിധ പടവുകളിലായി 700 ഏക്കർ പാടശേഖരങ്ങളിൽ നെൽകൃഷിയിറക്കുന്നതിൽ അനിശ്ചിതത്വം. ശക്തമായ മഴയിൽ ഇറിഗേഷൻ കനാലിൽ നിന്നുള്ള വെള്ളം പുള്ള്-മനക്കൊടി റോഡ് കവിഞ്ഞ് വാരിയംപടവിലേക്ക് ഒഴുകുകയാണ്. ഇറിഗേഷൻ കനാലിലെ ചണ്ടിയും കുളവാഴയും യഥാസമയം നീക്കാത്തത് മൂലമാണ് വെള്ളം വാരിയംപടവിലേക്ക് എത്തിയത്. അനിയന്ത്രിതമായി വെള്ളം ഒഴുകി എത്തിയതോടെ വാരിയംപടവിലെ വെള്ളം വറ്റിക്കാൻ പമ്പ് ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. ഈ പടവിനോട് ചേർന്ന് കിടക്കുന്ന വിളക്കുമാടം, തോട്ടുപുര, കൊടയാട്ടി എന്നീ പടവുകളിലും കൃഷി ഇറക്കാൻ പറ്റാത്ത സാഹചര്യമാണ്.
ഏനാമാവ് റെഗുലേറ്ററിനോട് ചേർന്നുള്ള ഫെയ്‌സ് കനാലിലേക്ക് ഒഴുകി പോകേണ്ടിയിരുന്ന വെള്ളമാണ് കനാലിൽ ചണ്ടിയും കുളവാഴയും അടിഞ്ഞ് കൂടിയതിനാൽ വാരിയംകോൾപ്പടവിലേക്ക് ഒഴുകി കൃഷി പ്രതിസന്ധിയിലായിരിക്കുന്നത്. രണ്ടാം മേഖലയിൽ ഉൾപ്പെട്ടിട്ടുള്ള ഈ കോൾ പാടശേഖരങ്ങളിൽ സെപ്തംബർ ഒന്നിന് പമ്പിംഗ് ആരംഭിച്ച് സെപ്തംബർ പകുതിയോടെ കൃഷിയിറക്കാനായിരുന്നു തീരുമാനം. എന്നാൽ അനിയന്തിതമായ തോതിലെത്തിയ വെള്ളം കർഷകരുടെ പ്രതീക്ഷകളെ തകർക്കുകയാണ്. കൃഷി, ഇറിഗേഷൻ വകുപ്പ് അധികൃതരെ നിരവധിതവണ വിഷയം അറിയിച്ചെങ്കിലും യാതൊരു നടപടികളുമുണ്ടായില്ലെന്ന് കർഷകർ പറയുന്നു. ഇനിയും നടപടികൾ വൈകുകയാണെങ്കിൽ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകുമെന്നും പാടശേഖര സമിതികൾ പറയുന്നു. ഇറിഗേഷൻ വകുപ്പ് കനാലിലെ ചണ്ടിയും കുളവാഴയും നീക്കുന്നത് അശാസ്ത്രീയമായ രീതിയിലാണെന്നും ഏനാമാക്കൽ ഫെയ്‌സ് കനാൽ മുതൽ കാഞ്ഞാണി പെരുമ്പുഴ ചാലിലേക്ക് ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീളുന്ന രീതിയിൽ കുളവാഴയും ചണ്ടിയും നീക്കം ചെയ്യണമെന്നുമാണ് കർഷകരുടെ ആവശ്യം.

ഇറിഗേഷൻ കനാലിൽ ചണ്ടിയും കുളവാഴയും നിറഞ്ഞ് കിടക്കുന്നതും മനക്കൊടി റോഡ് താഴ്ന്നുകിടക്കുന്നതും മൂലം കൃഷിയിറക്കാൻ പറ്റാത്ത സാഹചര്യമാണ്. അടിയന്തര നടപടിയാണ് വേണ്ടത്.
- കെ.കെ. അശോകൻ
(വാരിയം കോൾപ്പടവ് സെക്രട്ടറി)