കൊടുങ്ങല്ലൂർ : ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ടുകണ്ട് വിലയിരുത്തി എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടർ അനുശർമ്മ. ബെന്നി ബെഹ്നാൻ എം.പിയോടൊപ്പമെത്തി ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ടുകണ്ട അദ്ദേഹവും ഉദ്യോഗസ്ഥരും കർമ്മസമിതി പ്രവർത്തകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ കേട്ടു. ബെന്നി ബെഹ്നാൻ എം.പി കൊടുങ്ങല്ലൂർ റസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ അദ്ദേഹത്തിന് മുമ്പിൽ അവതരിപ്പിച്ചിരുന്നു. കർമ്മസമിതി പ്രവർത്തകരും ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ചർച്ചയിൽ പങ്കെടുത്തു. തുടർന്നാണ് അദ്ദേഹവും മറ്റ് ഉദ്യോഗസ്ഥരും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശം സന്ദർശിച്ചത്. പി.ഡി. അൻസുൽ ഹസൻ, ബിനു ശിവാലയ, കർമ്മ സമിതി പ്രവർത്തകരായ അഡ്വ. കെ.കെ. അൻസാർ, ഒ.ജി. വിനോദ്, പി.ജി. നൈജി, ഡോ. ഷാജി, സുരേഷ് കുമാർ, പൊതുപ്രവർത്തകരായ ഇ.എസ്. സാബു, കെ.പി. സുനിൽകുമാർ, വി.എം. ജോണി, പി.വി. രമണൻ സനിൽ സത്യൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് മുൻതൂക്കം നൽകിക്കൊണ്ടുള്ള തീരുമാനമാണ് വേണ്ടത്. അതിന് വേണ്ട മാറ്റങ്ങൾ പ്ലാനിൽ ഉണ്ടാക്കാനും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനും ശ്രമിക്കും.
- ബെന്നി ബെഹ്നനാൻ എം.പി