
തൃശൂർ: സംസ്ഥാനത്ത് സർക്കാർ വിഹിതമായി ഖാദി തൊഴിലാളികൾക്ക് കിട്ടേണ്ടിയിരുന്നത് 14 മാസത്തെ വേതന കുടിശിക. ആറുമാസത്തേത് കഴിഞ്ഞ ദിവസം നൽകി. ശേഷിക്കുന്നത് എന്നു നൽകുമെന്ന് വ്യക്തതയില്ല. ഓണത്തിനുമുമ്പ് മുഴുവൻ കുടിശികയും ലഭിക്കുമെന്ന് കരുതിയിരുന്ന തൊഴിലാളികൾ ഇതോടെ നിരാശരായി.
ഖാദി ബോർഡ്, സർവോദയ സംഘം, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് അസോസിയേഷൻ, ഗാന്ധി സ്മാരക നിധി, വിവിധ സംഘങ്ങൾ തുടങ്ങിയവയ്ക്ക് കീഴിലാണ് തൊഴിലാളികളുള്ളത്. നെയ്ത്തുൾപ്പെടെയുള്ള ജോലികൾക്ക് സ്ഥാപനവും സർക്കാരും ചേർന്നാണ് വേതനം നൽകുന്നത്. നിശ്ചിത ടാർജറ്റ് പ്രകാരം ഒരു തൊഴിലാളിക്ക് സർക്കാർ ആനുകൂല്യമുൾപ്പെടെ ലഭിക്കുന്ന പരമാവധി പ്രതിദിന വേതനം 461 രൂപ. ഇതിൽ 180 രൂപ സ്ഥാപന വിഹിതമാണ്. ശേഷിക്കുന്ന സർക്കാർ വിഹിതമാണ് പലപ്പോഴും കുടിശികയാകുന്നത്.
മുഴുവൻ വിഹിതവും കിട്ടാത്തതിനാൽ തൊഴിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. നെയ്ത്തും നൂൽപ്പും സജീവമായിരുന്ന തൃശൂരിൽ 1,500 തൊഴിലാളികളുണ്ടായിരുന്നത് ഇപ്പോൾ ആയിരത്തിൽ താഴെയായി. 95 ശതമാനവും സ്ത്രീ തൊഴിലാളികളുള്ള മേഖലയാണിത്.
റിബേറ്റിനത്തിലും കുടിശിക
റിബേറ്റിനത്തിൽ സ്ഥാപനങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകാനുള്ളത് 53 കോടിയുടെ കുടിശിക
ഇത്തവണ സംസ്ഥാനം 30 ലക്ഷം രൂപ അനുവദിച്ചത് തൊഴിലാളി ക്ഷേമനിധിയിലേക്ക് വകയിരുത്തി.
ഉത്സവക്കാലത്ത് രണ്ടാഴ്ചയോളം മുപ്പതും അല്ലാത്തപ്പോൾ ഇരുപതു ശതമാനവുമാണ് റിബേറ്റ്
സംസ്ഥാനത്ത്
തൊഴിലാളികൾ
10 കൊല്ലം മുമ്പ്.......... 15,000
നിലവിൽ...................... 11,000
35,000- 45,000 രൂപ
തൊഴിലാളികൾക്കുള്ള
വേതന കുടിശിക