തൃശൂർ: തിരുവോണം ആഘോഷമാക്കാൻ അവസാനവട്ട ഒരുക്കങ്ങളും തികച്ച് ഉത്രാട പാച്ചിലിന് വിരാമം, ഇന്ന് തിരുവോണം. സദ്യയ്ക്കും ഓണത്തപ്പനെ വരവേൽക്കുന്നതിനുമായി വൻതിരക്കായിരുന്നു ഇന്നലെ. പച്ചക്കറി, പഴം, പൂ, പാൽ, വസ്ത്രവ്യാപാരം എന്നീ വിപണികളിലായിരുന്നു കൂടുതൽ തിരക്ക് .
ഹോട്ടൽ വിപണിയിൽ ഇന്നലെ ഉറക്കമില്ലാത്ത രാത്രി. ബുക്കിംഗ് അനുസരിച്ചുള്ള സദ്യ, പായസം എന്നിവ ഇന്ന് രാവിലെ മുതൽ വിതരണം ചെയ്യേണ്ടതിനാൽ ഇന്നലെ രാവിലെ മുതൽ അടുക്കളകളിൽ ഒരുക്കങ്ങൾ തകൃതിയായിരുന്നു. രാവിലെ മുതൽ നഗരത്തിലെ കടകളിലും വടക്കുന്നാഥ ക്ഷേത്രം മൈതാനിയിലെ സ്റ്റാളുകളിലും അനുഭവപ്പെട്ടത് പൂരത്തിരക്ക്.
ഉച്ചയ്ക്കുശേഷം തിരക്ക് കൂടി. ജില്ലയുടെ വിവിധയിടങ്ങളിൽ ഇടയ്ക്കിടെ പെയ്ത മഴ അൽപ്പം ബുദ്ധിമുട്ടിച്ചെങ്കിലും വകവയ്ക്കാതെ ഓണം ഒരുക്കാൻ നാട്ടാരെല്ലാം പാഞ്ഞുനടന്നു. നഗരത്തിൽ രാവിലെ മുതൽ വൻകുരുക്കായിരുന്നു. വൈകീട്ടായപ്പോഴേക്കും മുറുകി.
പച്ചക്കറി വിലയിൽ അപ്രതീക്ഷിത വിലക്കയറ്റം
പച്ചക്കറി വിലയിൽ കഴിഞ്ഞ ദിവസം വരെ കാര്യമായ വിലയേറ്റം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ പലയിനങ്ങളുടെയും വില റോക്കറ്റേറി. അമ്പതിന് താഴെ മാത്രം ഉണ്ടായിരുന്ന പയർ, വെണ്ട, കയ്പക്ക, മുരിങ്ങ എന്നിവയ്ക്കെല്ലാം വിലയേറി. തോന്നുംവിലയായിരുന്നു കായ വിപണിയിൽ. ചിലയിടങ്ങളിൽ കഴുത്തറപ്പൻ വിലയായിരുന്നു. ശക്തൻ മാർക്കറ്റിൽ അമ്പത് മുതൽ കായ കിട്ടിയെങ്കിൽ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ 85 രൂപ വരെ ഈടാക്കിയിരുന്നു. പയർ വില 70 രൂപ വരെയായി. കാരറ്റ്, കയ്പക്ക, വെണ്ട എന്നിവയുടെ വിലയും 70ലെത്തി.
ചേന കിട്ടാനില്ല
കഴിഞ്ഞദിവസം വരെ ചേനയുടെ വില 65 രൂപയായിരുന്നെങ്കിൽ ഇന്നലെ മൊത്ത വില 85ലെത്തി. ചില്ലറ വിൽപ്പന നൂറു കടന്നു. അതും കിട്ടാനില്ലാത്ത സ്ഥിതിയായിരുന്നു ശക്തൻ മാർക്കറ്റിൽ. ഓണവിഭവത്തിലെ പ്രധാന ഇനമായ അവിയൽ, കാളൻ, കൂട്ടുക്കറി എന്നിവയിലലെ ഒഴിച്ചു കൂടാനാകാത്ത ഇനമാണ് ചേന.
കാഴ്ച്ചക്കുല സമർപ്പണം
ഉത്രാട ദിനത്തിൽ ക്ഷേത്രങ്ങളിൽ കാഴ്ചക്കുല സമർപ്പണം നടന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ നൂറുക്കണക്കിന് കുല സമർപ്പിച്ചു. പാറമേക്കാവ്, തിരുവമ്പാടി, വടക്കുന്നാഥൻ, തൃപ്രയാർ, കൊടുങ്ങല്ലൂർ, കൂടൽമാണിക്യം എന്നിവിടങ്ങളിൽ സമർപ്പണം നടന്നു.