കൊടുങ്ങല്ലൂർ : ഓണമായിട്ടും കൂലിയും ബോണസുമില്ലാത്തതിനാൽ കയർ മേഖലയിലെ തൊഴിലാളികൾക്ക് ഇത്തവണ കണ്ണീരോണം. സംഘങ്ങളിൽ നിന്ന് തൊഴിലാളികൾക്ക് കൂലി കൊടുക്കുമ്പോൾ ഇൻകം സപ്പോർട്ട് സ്‌കീം (വരുമാന സഹായക പദ്ധതി) പ്രകാരം ദിവസം 110 രൂപ വീതം കൊടുക്കണം. അഞ്ച് മാസമായി സർക്കാർ തുക നൽകിയിട്ടില്ല. സംഘം നൽകുന്ന 240 രൂപയാണ് തൊഴിലാളിക്ക് ആകെ ലഭിക്കുക.
8.33 ശതമാനം എന്ന നിലയിലാണ് ബോണസ് ലഭിക്കേണ്ടത്. ഇതും സംഘമാണ് നൽകേണ്ടത്. സംഘങ്ങളിൽ നിന്ന് കയർഫെഡ് സംഭരിച്ച കയറിന്റെ വില കിട്ടാത്തതിനാൽ കൂലിയും ബോണസും കൊടുക്കാനാകാത്ത സ്ഥിതിയാണ്. കുറഞ്ഞ കൂലിയും ശമ്പളവും മാത്രം ലഭിക്കുന്ന ഈ മേഖലയിൽ കയറിന്റെ വില യഥാസമയം ലഭിക്കാത്തതിനാൽ പല സംഘങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. കയർ ഉത്പന്നങ്ങൾ പഴയതുപോലെ വിറ്റുപോകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതുമൂലം സംഘങ്ങളിൽ നിന്നും വാങ്ങുന്ന ഉത്പന്നങ്ങൾ കയർഫെഡ് ഗോഡൗണിൽ കെട്ടിക്കിടക്കുകയാണ്.
ജില്ലയിലെ സംഘങ്ങൾക്ക് മുപ്പത് ലക്ഷമാണ് കയർഫെഡ് നൽകാനുള്ളത്. സ്ത്രീ തൊഴിലാളികളാണ് കയർ മേഖലയിൽ ജോലി ചെയ്യുന്നവരിലേറെ. പതിമൂന്ന് സംഘങ്ങളിലായി മുന്നൂറോളം തൊഴിലാളികളാണ് പണിയെടുക്കുന്നത്. കയർപിരി വ്യവസായം നേരിടുന്ന രൂക്ഷമായ പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യം ഈ മേഖലയിൽ ശക്തമാണെങ്കിലും പരിഹരിക്കപ്പെടാത്തത് കടുത്ത ആശങ്കയുണ്ടാക്കുന്നു.
അയൽക്കാർ ഏറെ മുന്നിൽ
ശ്രീലങ്ക, തമിഴ്‌നാട്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ കയറിന്റെ ഉത്പാദനം ഗണ്യമായി വർദ്ധിച്ചതോടെ കേരളത്തിൽ ഈ വ്യവസായം നാശോന്മുഖമാണ്. ഇവിടങ്ങളിൽ നിന്നും വരുന്ന കയർ ഉത്പന്നങ്ങൾക്ക് കുറഞ്ഞ വിലയും കയർ ഉത്പന്നങ്ങളുടെ ഉപയോഗം പൊതുവേ കുറഞ്ഞതും വിൽപ്പനയെ ബാധിക്കുന്നു. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ചകിരിയുടെ വില കുറച്ച് നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
തൊഴിലാളികളിൽ പലരും കുടുംബം പോറ്റാൻ മാർഗ്ഗം ഇല്ലാത്തവരാണ്. ഉത്സവകാലങ്ങളിൽ കൂലിയും ബോണസുമില്ലാത്ത കയർഫെഡിന്റെ നിലപാട് പ്രതിഷേധാർഹമാണ്.
സി.കെ.രാമനാഥൻ
ചാപ്പാറകയർ സഹകരണ സംഘം പ്രസിഡന്റ്
കുടിശ്ശികയാൽ കണ്ണീര്
ജില്ലയിലെ സംഘങ്ങൾക്ക്
സർക്കാർ നൽകാനുള്ളത് 30 ലക്ഷം
തൊഴിലെടുക്കുന്നത്
13 സംഘങ്ങൾ, 300ഓളം സ്ത്രീ തൊഴിലാളികൾ
പ്രതിദിന വേതനം 350
സംഘം 240 രൂപ
സർക്കാർ 110