കൊടുങ്ങല്ലൂർ : ഓണനാളുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പൊലീസും മറ്റു വകുപ്പുകളും ചേർന്ന് സംയുക്തമായി ആക്ഷൻ പ്ലാൻ തയ്യാറാക്കി. ഓണാഘോഷം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊലീസ്, എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ്, വനംവകുപ്പ് എന്നിവ സംയുക്തമായി പരിശോധന നടത്തുന്നത്. തൃശൂർ റൂറൽ പൊലീസ് പരിധിയിലെ കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട സബ് ഡിവിഷനുകളിൽ പരിശോധനകളും ബോംബ് ഡിറ്റക്്ഷൻ സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് സംയുക്ത പരിശോധനയും വാഹന പരിശോധനയും ആരംഭിച്ചു. അനധികൃത ലഹരി വിൽപ്പന തടയുക, ലഹരിയുടെ ഉപഭോഗം കുറയ്ക്കുക എന്നിവയ്ക്കായി സംയുക്ത സേന നടപടി സ്വീകരിക്കും. ഓണനാളുകളിൽ വർദ്ധിക്കുന്ന ഗതാഗതത്തിന്റെ നിയന്തണത്തിന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഉത്രാട ദിനത്തിലും തിരുവോണ നാളുകളിലും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും ഓണാഘോഷ പരിപാടികൾ നടക്കുന്ന ഇടങ്ങളിലും പ്രധാനപ്പെട്ട നഗര പ്രദേശങ്ങളിലും കൂടുതൽ ബൈക്ക് പെട്രോളിംഗും ഫുട്ട്‌പെടോളിഗും ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്ക് സുരക്ഷിതമായി ഓണം ആഘോഷിക്കുന്നതിനായി തൃശൂർ റൂറൽ ജില്ലാ പൊലീസ് പരിധിയിൽ റൂറൽ എസ്.പി: നവനീത് ശർമയുടെ നിർദേശാനുസരണം ആറ് ഡിവൈ.എസ്.പിമാരെയും അവരുടെ കീഴിൽ ബാറ്റലിയൻ പൊലീസ് അടക്കം 250 പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.