കയ്പമംഗലം: മത്സ്യത്തൊഴിലാളികളിൽ ഒരാളായി മാറി തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യൻ. വള്ളത്തിൽ കയറി തിരകളോട് മല്ലടിച്ച് ആഴക്കടലിൽ മീൻ പിടിത്തം. ഇന്നലെ രാവിലെ പത്തിന് കൊടുങ്ങല്ലൂരിലെത്തിയ കളക്ടർ മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ നേറിട്ടറിയാൻ എത്തിയതായിരുന്നു.
വള്ളത്തിൽ കയറി കടലിൽ മീൻ പിടിക്കാൻ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മത്സ്യത്തൊഴിലാളികളും സമ്മതിച്ചു. അഴീക്കോട് അഴിമുഖത്ത് നിന്നും മീൻ പിടിക്കാൻ പോയ പ്രസാദം വള്ളത്തിലെ മത്സ്യത്തൊഴിലാളികളായ പ്രസാദ്, മോഹനൻ, ദാസൻ എന്നിവർക്കൊപ്പമാണ് കളക്ടർ അർജുൻ പാണ്ഡ്യനും മത്സ്യബന്ധനത്തിനിറങ്ങിയതും വല വലിച്ചതും.
ഒരു മണിക്കൂറോളം മത്സ്യത്തൊഴിലാളികളോടൊപ്പം കളക്ടർ കടലിൽ ചെലവഴിച്ചു. രാവിലെ 11 മണിക്ക് തിരികെ പോകുമ്പോൾ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാവുന്നതെല്ലാം ചെയ്യാമെന്ന വാഗ്ദാനവും നൽകി.