അരിമ്പൂർ: വെള്ളം വറ്റിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ ഇറിഗേഷൻ വകുപ്പിനുണ്ടായ വീഴ്ച മൂലം വാരിയം കോൾപ്പടവ് ഉൾപ്പടെ വിവിധ പടവുകളിലായ 700 ഏക്കർ പാടശേഖരങ്ങളിൽ നെൽക്കൃഷിയിറക്കുന്നതിൽ അനിശ്ചിതത്വം. ശക്തമായ മഴയിൽ ഇറിഗേഷൻ കനാലിൽ നിന്നുള്ള വെള്ളം പുള്ള്- മനക്കൊടി റോഡ് കവിഞ്ഞ് വാരിയംപടവിലേക്ക് ഒഴുകുകയാണ്. ഇറിഗേഷൻ കനാലിലെ ചണ്ടിയും കുളവാഴയും യഥാസമയം നീക്കാത്തത് മൂലമാണ് വെള്ളം വാരിയംപടവിലേക്ക് എത്തിയത്. വെള്ളം വറ്റിക്കാൻ പമ്പ് ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. നടപടികൾ വൈകിയാൽ കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് കർഷകർ.

ഈ പടവിനോട് ചേർന്ന് കിടക്കുന്ന വിളക്കുമാടം, തോട്ടുപുര, കൊടയാട്ടി എന്നീ പടവുകളിലും കൃഷി ഇറക്കാൻ പറ്റാത്ത സാഹചര്യമാണ്.
ഏനാമാവ് റെഗുലേറ്ററിനോട് ചേർന്നുള്ള ഫെയ്സ് കനാലിലേക്ക് ഒഴുകേണ്ട വെള്ളമാണ് കനാലിൽ ചണ്ടിയും കുളവാഴയും നിറഞ്ഞതോടെ വാരിയംകോൾപ്പടവിലേക്ക് ഒഴുകിയത്. ഈ പ്രദേശങ്ങളിൽ സെപ്തംബർ ഒന്നിന് പമ്പിംഗ് ആരംഭിച്ച് സെപ്തംബർ പകുതിയോടെ കൃഷിയിറക്കാനായിരുന്നു തീരുമാനം. എന്നാൽ വെള്ളം ഒഴുക്ക് കർഷകരുടെ പ്രതീക്ഷ തകർത്തു. ഇറിഗേഷൻ വകുപ്പ് കനാലിലെ ചണ്ടിയും കുളവാഴയും നീക്കുന്നത് അശാസ്ത്രീയമായ രീതിയിലാണെന്നും ഏനാമാക്കൽ ഫെയ്സ് കനാൽ മുതൽ കാഞ്ഞാണി പെരുമ്പുഴ ചാലിലേക്ക് ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീളുന്ന രീതിയിൽ കുളവാഴയും ചണ്ടിയും നീക്കം ചെയ്യണമെന്നുമാണ് കർഷകരുടെ ആവശ്യം.
....
ഇറിഗേഷൻ കനാലിൽ നിന്നും പുള്ള് മനക്കൊടി റോഡ് കവിഞ്ഞ് വാരിയം കോൾപ്പടവിലേക്ക് വെള്ളം ഒഴുകുന്നു.

കൃഷി, ഇറിഗേഷൻ വകുപ്പ് അധികൃതരെ നിരവധി തവണ വിഷയം അറിയിച്ചെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല. ഇനിയും നടപടികൾ വൈകിയാൽ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകും
- പാടശേഖര സമിതികൾ

ഇറിഗേഷൻ കനാലിൽ ചണ്ടിയും കുളവാഴയും നിറഞ്ഞ് കിടക്കുന്നതും മനക്കൊടി റോഡ് താഴ്ന്നുകിടക്കുന്നതും മൂലം കൃഷിയിറക്കാൻ പറ്റാത്ത സാഹചര്യമാണ്. കൃഷി വകുപ്പും ഇറിഗേഷനും അടിയന്തര നടപടി സ്വീകരിക്കണം.

കെ.കെ. അശോകൻ

(വാരിയം കോൾപ്പടവ് സെക്രട്ടറി)