1

തൃശൂർ: മടകൾ ഒരുങ്ങി, നാളെ തേക്കിൻകാടിന് ചുറ്റും പുലികളിറങ്ങും. തൃശൂരിന്റെ സ്വന്തം കലാരൂപമായ പുലകളിക്കായി ദേശങ്ങളിൽ ഒരുക്കങ്ങൾ സജീവം. ഇന്നാണ് ചമയപ്രദർശനം. ഏഴ് സംഘങ്ങളാണ് ഇക്കുറി പുലികളിക്കിറങ്ങുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലികളി വേണ്ടെന്ന് കോർപറേഷൻ തീരുമാനിച്ചെങ്കിലും പിന്നീട് സർക്കാർ അനുമതി നൽകുകയായിരുന്നു. തുടക്കത്തിൽ ഒമ്പത് ടീമുകൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അനിശ്ചിതത്വം വന്നതോടെ രണ്ടുടീമുകൾ പിന്മാറി. കൊവിഡ് കാലത്ത് പോലും ഓൺലൈൻ പുലികളി സംഘടിപ്പിച്ച് ലോകശ്രദ്ധയാകർഷിച്ച അയ്യന്തോൾ ദേശവും ഇത്തവണയില്ല.

അസുരവാദ്യത്തിൽ പുലിത്താളത്തിന് അനുസരിച്ച് ചുവടുവച്ച് നടുവിലാൽ ഗണപതിക്ക് മുന്നിൽ തേങ്ങയുടക്കും. 35 മുതൽ 51 പുലികൾ വരെ ഓരോ ടീമിലുമുണ്ടാകും. പെൺപുലികളും കുട്ടിപ്പുലികൾക്കുമൊപ്പം പതിനായിരങ്ങളെ ആകർഷിക്കുന്ന കുടവയറൻ വൻപുലികളും പൂരനഗരിയെ ആവേശത്തിലാക്കും. നാളെ ഉച്ച മുതൽ പുലികളിയുടെ ഭാഗമായി ഗതാഗത നിയന്ത്രണവും നഗരത്തിലുണ്ട്.

പുലിവഴി, സമയം

ചക്കാമുക്ക് ദേശം, ശങ്കരംകുളങ്ങര ദേശം, സീതാറാം മിൽ ദേശം, കാനാട്ടുകര ദേശം എന്നീ പുലികളി സംഘങ്ങൾ നിശ്ചലദൃശ്യങ്ങളുടെ അകമ്പടിയോടെ എം.ജി റോഡ് വഴി നടവിലാലിൽ എത്തും. തുടർന്ന് ഗണപതിക്ക് തേങ്ങ ഉടച്ച് റൗണ്ട് ചുറ്റി സമാപിക്കും. ഷൊർണൂർ റോഡ് വഴി നായ്ക്കനാലിൽ എത്തി പ്രദക്ഷിണവഴി ചുറ്റി നടുവിലാലിൽ എത്തുന്നതാണ് പാട്ടുരായ്ക്കൽ ദേശത്തിന്റെ റൂട്ട് മാപ്പ്. യുവജന സംഘം വിയ്യൂർ, വിയ്യൂർ ദേശം പുലികളി സംഘങ്ങൾ വടക്കെ സ്റ്റാൻഡ് വഴി ബിനി സ്റ്റോപ്പിലൂടെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കും.

ആടിത്തിമർത്ത് കുമ്മാട്ടികൾ
ഉത്രാടം മുതൽ ഊരു ചുറ്റാനിറങ്ങുന്ന ശിവന്റെ ഭൂതഗണങ്ങളാണ് കുമ്മാട്ടികൾ എന്നാണ് വിശ്വാസം. ഇന്നലെ നടന്ന കിഴക്കുംപാട്ടുകര തെക്കുംമുറി കുമ്മാട്ടിക്കളിക്ക് വൻതിരക്കായിരുന്നു. നായ്ക്കനാൽ കുമ്മാട്ടിക്കളിയും നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും നൂറുക്കണക്കിന് പേരെ ആകർഷിച്ചു. എവന്നൂർ ദേശക്കുമ്മാട്ടി, വടൂക്കര ദേശക്കുമ്മാട്ടി, കുറ്റൂർ സർഗ, നടത്തറ ഒരുമ ദേശക്കുമ്മാട്ടി, പെരിങ്ങാവ് ധന്വന്തരി, ഒല്ലൂക്കര സാരഥി എന്നിവയുടെ നേതൃത്വത്തിലും ഇന്നലെ കുമ്മാട്ടികൾ അരങ്ങേറി.

കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടി ഇന്ന്

പരമ്പരാഗത കുമ്മാട്ടിയെന്ന് അറിയപ്പെടുന്ന കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടി ഇന്ന്. പർപ്പകപുല്ല് ശരീരത്തിൽ കെട്ടി, മുഖംമൂടി അണിഞ്ഞെത്തുന്ന കുമ്മാട്ടികളെ സ്വീകരിക്കാൻ ദേശം ഒരുങ്ങി. 51 കുമ്മാട്ടികളാണ് ഇത്തവണയുള്ളതെന്ന് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത്, സെക്രട്ടറി എസ്. സന്തോഷ് എന്നിവർ അറിയിച്ചു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് പനമുക്കുംപിള്ളി ക്ഷേത്രനടയിൽ നാളികേരം ഉടച്ച് കുമ്മാട്ടിക്കളി ആരംഭിക്കും. നാഗസ്വരം, തെയ്യം, തിറ, തംബോലം, ചെട്ടിവാദ്യം, ബാൻഡ് സെറ്റ്, ശിങ്കാരിമേളം, നാടൻ കലാരൂപങ്ങൾ തുടങ്ങി വിവിധ കലാരൂപങ്ങൾ അണിനിരക്കും. തുടർന്ന് എസ്.എൻ.എ ഔഷധശാല വേട്ടേക്കരൻ ക്ഷേത്രപരിസരത്ത് കൂടി തോപ്പ് സ്റ്റേഡിയത്തിൽ പ്രവേശിക്കും. തുടർന്ന് ഏഴരയ്ക്ക് ശാസ്താ കോർണറിൽ സമാപിക്കും.