1

തൃശൂർ: ഫാം ഓഫീസർ തസ്തികയിൽ 14 വർഷമായി സ്ഥിരംനിയമനം ഇല്ലാത്തതിനാൽ 2,000 ഏക്കറോളം ഫാം കാര്യക്ഷമായി ഉപയോഗിക്കാനാകാതെ കാർഷിക സർവകലാശാലയ്ക്ക് നഷ്ടമാകുന്നത് കോടികൾ. കർഷകർക്കും കൃഷിവകുപ്പിന്റെ വിവിധ പദ്ധതികൾക്കും വിത്തും നടൽ വസ്തുക്കളും മറ്റും ആവശ്യത്തിന് നൽകാനുമാകുന്നില്ല.

താത്കാലിക ഫാം ഓഫീസർമാർക്ക് ഫാം നടത്തിപ്പിലും മറ്റും തീരുമാനങ്ങളെടുക്കുന്നതിൽ പരിമിതിയുണ്ട്. സർവകലാശാലയിൽ സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോഴാണ് ഫാമുകളെ പ്രയോജനപ്പെടുത്താതിരിക്കുന്നത്. ഫാമുകളിൽ നിന്ന് 25 കോടി വരെ വാർഷിക വരുമാനം ഉണ്ടായിരുന്നത് ഇപ്പോൾ 10 കോടിയിൽ താഴെയായി.

2010ൽ അന്നുണ്ടായിരുന്ന 72 ഒഴിവ് നികത്തിയശേഷം നിയമനം ഉണ്ടായിട്ടില്ല. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും പരീക്ഷ നടത്തിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയും ഫാം ഓഫീസർ തസ്തികയുടെ യോഗ്യത പരിഷ്‌കരിച്ചതു സംബന്ധിച്ച ചില സാങ്കേതിക പ്രശ്‌നങ്ങളും പി.എസ്.സി ഉന്നയിക്കുന്നുണ്ട്. ഫാം ഓഫീസറുടെ യോഗ്യത ഡിപ്‌ളോമയായിരുന്നത് ബി.എസ്‌സി അഗ്രിക്കൾച്ചറാക്കി.

തൊഴിലില്ലാതെ ഉദ്യോഗാർത്ഥികൾ

നിയമനമില്ലാത്തതിനാൽ സർവകലാശാലയിൽ നിന്ന് അഗ്രിക്കൾച്ചർ കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥികൾക്ക് തൊഴിലവസരമില്ല. തമിഴ്‌നാട്ടിൽ നിന്നും കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന മലയാളി വിദ്യാർത്ഥികളും ഏറെയാണ്. അതേസമയം ഒരേ യോഗ്യതയിൽ ജോലി ചെയ്യുന്ന കൃഷി ഓഫീസർമാരുടെയും സോയിൽ സർവേ ഓഫീസർമാരുടെയും വി.എച്ച്.എസ്.ഇ അദ്ധ്യാപകരുടെയും മറ്റും ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ സർവകലാശാല ഫാം ഓഫീസർമാരുടേത് കുറവാണ്. പതിനൊന്നാം ശമ്പളക്കമ്മിഷന് മുമ്പാകെ പ്രശ്‌നം ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല.