വടക്കാഞ്ചേരി: ടൈമർ തകരാറിലായതോടെ പകൽ തെളിഞ്ഞും രാത്രി ഇരുട്ടിലാക്കിയും വടക്കാഞ്ചേരിയിലെ വഴിവിളക്കുകൾ. ആഴ്ചകളായി ഓട്ടുപാറയിലെ ഉയരവിളക്കും തെളിയുന്നില്ല. നാട്ടുകാരും പൊതു പ്രവർത്തകരും നിരവധി തവണ പരാതി നൽകിയെങ്കിലും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. രാത്രികാലങ്ങളിൽ പ്രദേശത്ത് വഴിവിളക്കുകൾ തെളിയാത്തതോടെ അപകട സാദ്ധ്യത വർദ്ധിക്കുകയാണ്. പകൽ വെളിച്ചത്തിൽ കത്തി കിടക്കുന്ന വഴി വിളക്കുകൾക്കും ബിൽ അടക്കേണ്ട സ്ഥിതിയായിട്ടും നഗരസഭയും ഇടപെടുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.



വിളക്കുകളുടെ തകരാർ പരിഹരിക്കാത്ത അധികൃതരുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സാമൂഹ്യവിരുദ്ധർക്കും മോഷ്ടാക്കൾക്കും സഹായകരമാകുന്നതാണ് നിലപാട്. കഴിഞ്ഞദിവസം നടന്ന വാർഡ് സഭയിൽ വിഷയം ഉന്നയിച്ചപ്പോൾ വലിയ ജോലിതിരക്കാണെന്നും ഓണ നാളുകൾ കഴിയട്ടെ എന്നുമാണ് വൈദ്യുതി വകുപ്പ് അറിയിച്ചത്. ഈ നിലപാട് തിരുത്തണം. (അജിത്ത് കുമാർ മല്ലയ്യ വ്യാപാരിവ്യവസായി ഏകോപന സമിതി വടക്കാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് )