1

തൃശൂർ: ജില്ലയിൽ നബിദിനം ആഘോഷിച്ചു. പള്ളികമ്മിറ്റികളുടെയും മഹല്ല് കമ്മിറ്റികളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച നബിദിന റാലികളിൽ നൂറുക്കണക്കിന് കുട്ടികൾ പങ്കെടുത്തു. കൊക്കാലെ മഹല്ല് ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നബിദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തൽ, ഘോഷയാത്ര, മൗലിദ് മജ്‌ലിസ്, അന്നദാനം, കലാപരിപാടികൾ എന്നിവ നടന്നു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ചാവക്കാട് നടക്കുന്ന ജില്ലാ മീലാദ് കോൺഫറൻസിൽ ആയിരങ്ങൾ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് ചാവക്കാട് ബസ് സ്റ്റാൻഡിന് സമീപം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ പ്രസിഡന്റ് താഴപ്ര മുഹിയുദ്ദീൻകുട്ടി മുസ്‌ലിയാർ പതാക ഉയർത്തും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ അദ്ധ്യക്ഷൻ സയ്യിദ് ഫസൽ തങ്ങൾ അദ്ധ്യക്ഷനാകും. സ്വാഗതസംഘം ചെയർമാൻ അബ്ദുൽ കരീം വെങ്കിടങ്ങ് സമ്മേളനം ഉദ്ഘാടനം ചെയ്യും.