അന്തിക്കാട് : തിരുവോണ ദിനത്തിൽ പകൽ സമയം മണലൂർ സഹകരണ ആശുപത്രി അടച്ചിട്ടതോടെ രോഗികൾ ഉൾപ്പടെയുള്ളവർ വലഞ്ഞു. യാതൊരു മുന്നറിയിപ്പുകളുമില്ലാതെയാണ് മണലൂർ സഹകരണ ആശുപത്രി തിരുവോണദിനത്തിൽ പകൽ പ്രവർത്തിക്കാതിരുന്നത്. ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉൾപ്പെടെ പ്രവർത്തിച്ചില്ല. ഉച്ചവരെ ഒ.പിയുണ്ടാകുമെന്ന് കരുതിയെത്തിയ നൂറുകണക്കിന് രോഗികളാണ് ഇതുമൂലം ചികിത്സ കിട്ടാതെ മടങ്ങിയത്. സമീപ പഞ്ചായത്തുകളിലേതുൾപ്പടെ നിരവധി ആളുകൾ ആശ്രയിക്കുന്ന ആശുപത്രി മുന്നറിയിപ്പില്ലാതെ അടച്ചിട്ടത് ജനങ്ങൾക്ക് ഏറെ ദുരിതമുണ്ടാക്കി. അതേസമയം ഓണമായതിനാൽ ഡോക്ടർമാർ അവധിയിലായതിനാലും പകൽ ഡ്യൂട്ടിക്ക് പകരം ഡോക്ടർമാരെ ലഭ്യമല്ലാതിരുന്നതിനാലുമാണ് പ്രതിസന്ധിയുണ്ടായതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ആശുപത്രി അടച്ചിട്ട് സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി മണലൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമരം നടത്തി. മണലൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുധീർ പൊറ്റെക്കാട്ട് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷൈജു ഇയ്യാനി അദ്ധ്യക്ഷനായി. മിനി അനിൽകുമാർ, വിനോജ് കൊച്ചത്ത്, ഗിരീഷ് ചിറയത്ത്, സി.എസ്. അനിൽകുമാർ, പ്രസീത, രതീഷ് കൂനത്ത്, പ്രദീപ് കാണാട്ട്, ബിജുലാൽ പൊറ്റെക്കാട്ട്, രഞ്ജിത്ത് വടശ്ശേരി, അഖിൽ, ഗോപിനാഥൻ കൊച്ചത്ത് സംസാരിച്ചു.
തിരുവോണത്തിന് വൈകിട്ട് 6 മുതൽ രാവിലെ 6 വരെ ഡോക്ടർമാരുടെ സേവനത്തിൽ ആശുപത്രി പ്രവർത്തിച്ചിരുന്നു. ഓണം പ്രമാണിച്ച് പകൽ ഡ്യൂട്ടി ഡോക്ടർമാർ അവധിലായിരുന്നതിനാൽ പകരം ഡ്യൂട്ടിക്ക് ഡോക്ടർമാരെ അന്വേഷിച്ചെങ്കിലും ഓണമായതുകൊണ്ട് ആരെയും ലഭിച്ചില്ല. ആ സാഹചര്യത്തിൽ പകൽ സമയം ആശുപത്രി അടച്ചിടുകയായിരുന്നു.
- പി.എ. രമേഷ്
(സെക്രട്ടറി, മണലൂർ സഹകരണ ആശുപത്രി)