puli

ഇരിങ്ങാലക്കുട: അരമണി കിലുക്കി കുടവയറിളക്കി ഇരിങ്ങാലക്കുടയിൽ പുലികൾ നിറഞ്ഞാടി. കുട്ടികളും മുതിർന്നവരും സ്ത്രീകളും പുലികൾക്കൊപ്പം ചുവടുകൾ വച്ചു. ലെജന്റ്‌സ് ഒഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിലാണ് ഇരിങ്ങാലക്കുടയിൽ വർണാഭമായ പുലികളി ആഘോഷം നടന്നത്. ഉച്ചതിരിഞ്ഞ് 2.30ന് ടൗൺഹാൾ പരിസരത്ത് നിന്നും ആരംഭിച്ച പുലികളി ആഘോഷ ഘോഷയാത്ര നഗരസഭാ ചെയർപേഴ്‌സൺ സുജ സഞ്ജീവ്കുമാർ, ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.
പുലികളും പുലിമേളവും ശിങ്കാരിമേളവും ഡി.ജെ വാഹനവും കാവടിയും അടക്കം 200ലേറെ കലാകാരന്മാർ അണിനിരന്ന വർണാഭമായ പുലികളി ആഘോഷ ഘോഷയാത്ര വൈകിട്ട് 6.30ഓടെ നഗരസഭാ മൈതാനത്ത് എത്തിച്ചേർന്നു. സമാപന സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ലെജന്റ്‌സ് ഒഫ് ഇരിങ്ങാലക്കുടയുടെ ഭവനപദ്ധതിയിലേക്ക് ഒമ്പത് സെന്റ് സ്ഥലം സൗജന്യമായി നൽകിയ ജയ്‌സൻ പേങ്ങിപ്പറമ്പലിനെ ആദരിച്ചു.

നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആർ. വിജയ, മുൻ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, നഗരസഭാ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ഡി ഡിസ്ട്രിക്ട് ഗവർണർ ജയിംസ് പോൾ വളപ്പില, ജൂനിയർ ഇന്നസെന്റ്, മുൻ നഗരസഭാ ചെയർപേഴ്‌സൺ സോണിയ ഗിരി, ലെജന്റ്‌സ് ഒഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരൻ, ജനറൽ കൺവീനർ ഷാജൻ ചക്കാലയ്ക്കൽ എന്നിവർ പങ്കെടുത്തു.