1
എലിവേറ്റഡ് ഹൈവേ കർമ്മസമിതിയുടെ നോട്ടീസിൽ നിന്ന്.

കൊടുങ്ങല്ലൂർ: 'വികസനം നാടിനും നാട്ടാർക്കും ശാപമാകാതിരിക്കാൻ' എന്ന മുദ്രാവാക്യവുമായി എലിവേറ്റഡ് ഹൈവേ കർമ്മസമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൻപ്രതിഷേധ റാലി നടക്കും. ഡിവൈ.എസ്.പി ജംഗ്ഷനിലെ സമരപ്പന്തലിൽ നിന്നും വൈകിട്ട് നാലിന് പ്രതിഷേധ റാലി ആരംഭിക്കും. ദേശീയപാതാ നിർമ്മാണത്തിന്റെ പേരിൽ നഗരത്തിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് വഴി നിഷേധിച്ചെന്നും തലതിരിഞ്ഞ വികസനമാണ് നടക്കുന്നതെന്നും ആരോപിച്ച് കർമ്മ സമിതി നടത്തിവരുന്ന സായാഹ്ന ധർണ 300-ാം ദിവസത്തിലേക്ക് എത്തിയ പശ്ചാത്തലത്തിലാണ് പ്രതിഷേധ റാലി.

കോട്ടപ്പുറം ചന്തപ്പുര ബൈപ്പാസ് നിലവിൽ വന്നപ്പോൾ ക്രോസ് റോഡ് പൂർണമായും ഇല്ലാതാക്കിയാണ് നിർമ്മാണം നടന്നത്. ബൈപ്പാസ് നിർമ്മാണത്തിന്റെ ആദ്യഘട്ടം മുതൽ ഡിവൈ.എസ്.പി ഓഫീസ് ജംഗ്ഷനിൽ എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എലിവേറ്റഡ് ഹൈവേ യാഥാർത്ഥ്യമാക്കുമെന്നുള്ള പ്രതീതി സൃഷ്ടിക്കാൻ മണ്ണ് പരിശോധന വരെ നടത്തിയിരുന്നു. എലിവേറ്റഡ് ഹൈവേ യാഥാർത്ഥ്യമാക്കുമെന്ന പ്രതീക്ഷ നിലനിറുത്തിയായിരുന്നു ബൈപ്പാസ് ഉദ്ഘാടനം പോലും നടന്നത്.

എന്നാൽ പ്രദേശത്ത് ക്രോസിംഗ് ഉറപ്പാക്കി, സിഗ്‌നൽ സംവിധാനം ഉണ്ടാക്കിയാണ് മുന്നോട്ടുപോയത്. കോടികൾ ചെലവിട്ട ബൈപ്പാസ് നിർമ്മാണത്തിലെ അശാസ്ത്രീയത, നിരവധി അപകടങ്ങൾക്കും ഒട്ടേറെ പേരുടെ മരണത്തിനും മറ്റും കാരണമായിട്ടുണ്ട്. ഇതിന് പിറകെയാണ് പുതിയ ദേശീയപാത നിർമ്മാണം തുടങ്ങിയത്. ഇതോടെ ബൈപ്പാസിലൂടെയുള്ള ഗതാഗതം മുടങ്ങി. പ്രദേശവാസികൾക്ക് ദ്രോഹമായി മാറുകയാണ്. ബൈപ്പാസ് റോഡിൽ പലയിടത്തും എലിവേറ്റഡ് ഹൈവേ സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ ഹൈവേ നിർമ്മാണത്തിന്റെ ദുരിതങ്ങളെല്ലാം സഹിച്ച നഗരത്തിന് പടിഞ്ഞാറുള്ളവർക്ക് മാത്രം എലിവേറ്റഡ് ഹൈവേ അന്യമായി.

അടയുന്നത് എളുപ്പമാർഗം

ഡിവൈ.എസ്.പി ജംഗ്ഷനിൽ എലിവേറ്റഡ് ഹൈവേ വന്നാൽ ബൈപാസിന്റെ പടിഞ്ഞാറ് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് ശ്രീകുരുംബക്കാവിലും നഗരത്തിലും എത്താൻ സൗകര്യമാകും. നഗരത്തിലെ സിവിൽ സ്റ്റേഷൻ, കോടതി, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, മുനിസിപ്പൽ ഓഫീസ്, പൊലീസ് സ്റ്റേഷൻ, ജനറൽ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്കും പ്രദേശവാസികൾക്ക് പോകാൻ സൗകര്യപ്രദമാകും.