 
അന്നമനട : സ്ഥല പരിമിതിയാൽ വീർപ്പുമുട്ടുന്ന അന്നമനട ഗവ. ആയുർവേദ ആശുപത്രിക്ക് ആശ്വാസമായി പുതിയ കെട്ടിടം വരുന്നു. സൗജന്യമായി ലഭിച്ച 50 സെന്റ് സ്ഥലത്താണ് നൂതന സൗകര്യങ്ങളോടെ ഒരു കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിക്കുക. ഓണസമ്മാനമായി ഈ പദ്ധതിക്ക് നാഷണൽ ആയുഷ് മിഷന്റെ അംഗീകാരം ലഭിച്ചു. മാർട്ടിൻ പൊഴേലിപ്പറമ്പിൽ സഹോദരങ്ങളായ ടോമി, റീന എന്നിവരാണ് ആശുപത്രിക്ക് 50 സെന്റ് സ്ഥലം സൗജന്യമായി നൽകിയത്.
സമീപ പഞ്ചായത്തുകളിലെ രോഗികൾ കൂടി ആശ്രയിക്കുന്ന അന്നമനട ഗവ. ആയുർവേദ ആശുപത്രിയുടെ സ്ഥല പരിമിതി അവിടെയെത്തുന്ന നൂറുകണക്കിന് രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഓണസമ്മാനമായി നാഷണൽ ആയുഷ് മിഷൻ പുതിയ കെട്ടിട നിർമ്മാണത്തിനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയതോടെ ഏറെ നാളുകളായുള്ള ആവശ്യം പൂവണിയുമെന്നുള്ള പ്രത്യാശയിലാണ് സാധാരണക്കാർ.
വരും കൂടുതൽ സൗകര്യം
ആശുപത്രിയെ ശിശു വയോജന സൗഹൃദ ആശുപത്രിയാക്കി മാറ്റാനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നത്.
- പി.വി. വിനോദ്
(പഞ്ചായത്ത് പ്രസിഡന്റ്)