1

തൃശൂർ: പൂരനഗരിയിൽ ഇന്ന് പുലിഗർജനം മുഴങ്ങും. വിവിധ ദേശങ്ങളിൽ ഇന്നലെ ചമയപ്രദർശനം നടന്നു. ഇന്ന് രാവിലെ മുതൽ പുലിയൊരുക്കം, വൈകീട്ട് അഞ്ചോടെ ഷൊർണൂർ റോഡ് വഴി നായ്ക്കനാലിൽ പാട്ടുരായ്ക്കൽ ദേശം ആദ്യമെത്തും, ഇതോടെ പുലിയാട്ടത്തിന് തുടക്കമാകും.

നായ്ക്കനാൽ പരിസരത്താണ് ഫ്‌ളാഗ് ഓഫ്. ഈ സമയം നടുവിലാൽ, ബിനി പരിസരത്ത് കൂടി രണ്ട് ടീമുകൾ സ്വരാജ് റൗണ്ടിലെത്തും. പുലികളിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മേയർ എം.കെ. വർഗീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുലികളി സംഘങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കും. സാമ്പത്തിക സഹായം വർദ്ധിപ്പിച്ചതിന് പുറമേ 120 ലിറ്റർ മണ്ണെണയും കുടിവെള്ളവും നൽകുന്നുണ്ട്. ആവശ്യമായ മെഡിക്കൽ സഹായവും ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

സമ്മാന വിതരണം ബിനി ഹെറിറ്റേജിന് സമീപം നടക്കും. ഇക്കുറി എല്ലാ സംഘത്തിനും 51 പുലികൾ വീതമുണ്ട്. പെൺപുലികൾ മൂന്ന് ടീമുകൾക്ക് മാത്രമാണുള്ളത്. കാഴ്ചവസന്തമൊരുക്കി നിശ്ചല ദൃശ്യങ്ങളും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ എം.എൽ. റോസി, പി.കെ. ഷാജൻ, വർഗീസ് കണ്ടംകുളത്തി എന്നിവരും പങ്കെടുത്തു.

കോർപറേഷൻ സഹായം 3,12,500
പുലികളി സംഘങ്ങൾക്ക് കോർപറേഷൻ നൽകുന്ന ധനസഹായത്തിൽ 25 ശതമാനം വർദ്ധനവ്. കഴിഞ്ഞ വർഷം 2,50,000 രൂപയായിരുന്നത് ഇക്കുറി 3,12,500 രൂപയാക്കി. ആദ്യ ഗഡു 1,50,000 രൂപ കൈമാറുകയും ചെയ്തു. മുൻകാലങ്ങളിൽ പല സംഘങ്ങളും സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പിൻവാങ്ങിയിരുന്നു. പിന്നീടാണ് തുക വർദ്ധിപ്പിച്ച് പരമാവധി സംഘങ്ങളെ പങ്കെടുപ്പിക്കാൻ ശ്രമം നടത്തിയത്.

ഒന്നാം സമ്മാനം 62,500
പുലികളിയിലെ ഒന്നാം സ്ഥാനക്കാർക്ക് 62,500 രൂപയും എട്ടടി ഉയരുമുള്ള ട്രോഫിയും സമ്മാനിക്കും. രണ്ടാം സ്ഥാനക്കാർക്ക് അമ്പതിനായിരം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 43,750 രൂപയും ട്രോഫിയുമാണ് സമ്മാനം. നിശ്ചലദൃശ്യത്തിന് 50,000, 43,750, 37,500 എന്നിങ്ങനെയാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനത്തുക. പുലിവേഷത്തിനും പുലി വണ്ടിക്കും യഥാക്രമം 12,500, 9375, 6,250 രൂപ വീതം നൽകും. മികച്ച അച്ചടക്കമുള്ള ടീമിന് 18,750 രൂപയാണ് സമ്മാനം.

പുലികൾക്ക് വീഴാതെ നടക്കാം
ഒടുവിൽ പുലികളിത്തലേന്ന് സ്വരാജ് റൗണ്ടിലെയും പുലികൾ വരുന്ന വഴികളിലെയും പാതാളക്കുഴികൾ കോർപറേഷൻ അധികൃതർ അടച്ചു. ഇതോടെ പുലികൾക്ക് കുഴിയിൽ വീഴാതെ നടക്കാം.

അഞ്ഞൂറിലേറെ പൊലീസുകാർ
തൃശൂർ: പുലികളിയോട് അനുബന്ധിച്ച് കർശന സുരക്ഷ ഏർപ്പെടുത്തിയതായി എ.സി.പി: സലീഷ് എൻ. ശങ്കർ പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർക്ക് പുറമേ നാല് എ.സി.പിമാർ അടക്കം 523 പൊലീസുകാർ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. സ്വരാജ് റൗണ്ടിൽ രാവിലെ മുതൽ പാർക്കിംഗ് അനുവദിക്കില്ല. ഉച്ച കഴിഞ്ഞാൽ ഗതാഗത നിയന്ത്രണമുണ്ടാകും.

പുലിവാൽ എഴുന്നെള്ളത്തും ചമയ പ്രദർശനവും
പുലികളിക്ക് മുന്നോടിയായി വിവിധ ദേശങ്ങളിൽ പുലിവാൽ എഴുന്നെള്ളത്തും ചമയപ്രദർശനവും നടന്നു. നൂറുകണക്കിന് പേർ ചമയപ്രദർശനം കാണാനെത്തി. മുഖം മൂടികൾ, പുലിവാൽ, അരമണി തുടങ്ങിയവ പ്രദർശനത്തിന് ഉണ്ടായിരുന്നു.


ആകെ പുലികളുടെ എണ്ണം: 357