ചേർപ്പ് : ഓണാഘോഷത്തിന്റെ ഭാഗമായി ഊരകം കുമ്മാട്ടി മഹോത്സവം ഇന്ന് വൈകിട്ട് ഊരകത്തമ്മത്തിരുവടി ക്ഷേത്ര പരിസരത്ത് നടക്കും. ഊരകം തെക്കുംമുറി കുമ്മാട്ടി സംഘം, യുവജന കുമ്മാട്ടി സമാജം, കിസാൻ കോർണർ കലാസമിതി, അമ്പലനട കുമ്മാട്ടി സംഘം, തിരുവോണം കുമ്മാട്ടി സംഘം, വാരണകുളം, കിഴക്കുംമുറി കുമ്മാട്ടി, ചിറ്റേങ്ങര ദേശക്കുമ്മാട്ടി, കൊറ്റംകുളങ്ങര കുമ്മാട്ടി തുടങ്ങിയ എട്ട് കുമ്മാട്ടി സംഘങ്ങൾ മഹോത്സവത്തിൽ പങ്കെടുക്കും.
ഇന്ന് ഗതാഗത നിയന്ത്രണം
കുമ്മാട്ടിയാഘോഷത്തിന്റെ ഭാഗമായി ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ചേർപ്പ് പൊലീസ് അറിയിച്ചു. തൃശൂർ ഭാഗത്തു നിന്നും ഇരിങ്ങാലക്കുടയിലേക്ക് പോകുന്ന വാഹനങ്ങൾ പെരുമ്പിള്ളിശ്ശേരി, ചേർപ്പ് ഹെർബർട്ട് കനാൽ, എട്ടുമന രാജാ കമ്പനി വഴി പോകണം. ഇരിങ്ങാലക്കുടയിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ രാജാ കമ്പനിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഹെർബർട്ട് കനാൽ ചേർപ്പ് വഴി പോകണം. പുതുക്കാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിനു സമീപം ഇടത്തോട്ട് തിരിഞ്ഞ് പല്ലിശ്ശേരി ജംഗ്ഷൻ, തേവർ റോഡ് രാജാ കമ്പനി ഹെർബർട്ട് കനാൽ ചേർപ്പ് വഴി പോകണം.