തൃശൂർ: കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെ പേരിൽ കേരളകൗമുദി പ്രാദേശിക ലേഖകർക്ക് ഏർപ്പെടുത്തിയ പത്രാധിപർ കെ. സുകുമാരൻ സ്മാരക അവാർഡ് ഇത്തവണ കേരളകൗമുദി കൊടുങ്ങല്ലൂർ ലേഖകൻ കെ.എം. മൈക്കിളിന്. 29ന് വൈകിട്ട് അഞ്ചിന് എറണാകുളം ഐ.എം.എ ഹാളിൽ നടക്കുന്ന പത്രാധിപർ അനുസ്മരണ പരിപാടിയിൽ ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ പുരസ്‌കാരം സമ്മാനിക്കും.
കൊടുങ്ങല്ലൂർ കോട്ടപ്പുറം കാസപ്പിള്ളി വീട്ടിൽ മൈക്കിൾ കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സദ്‌വാർത്തയിലൂടെയാണ് പത്രപ്രവർത്തന രംഗത്തെത്തിയത്. കാൽ നൂറ്റാണ്ടോളം കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സായാഹ്ന കൈരളിയുടെ ലേഖകനായിരുന്നു. നാല് വർഷത്തിലധികമായി കേരളകൗമുദി കൊടുങ്ങല്ലൂർ ലേഖകനാണ്. ജീവിതത്തിന്റെ നാനാതുകറളിൽ പെട്ട പ്രശ്‌നങ്ങളെ സംബന്ധിച്ച് ശ്രദ്ധേയമായ റിപ്പോർട്ടുകൾ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: ബിന്ദു. മക്കൾ: ഐശ്വര്യ (ഇടപ്പള്ളി സ്വകാര്യ ആശുപത്രി ജീവനക്കാരി), അനീറ്റ (പത്താം ക്‌ളാസ് വിദ്യാർത്ഥി).