പുതുക്കാട്: ദേശീയപാത 544 ൽ ആമ്പല്ലൂർ സിഗ്‌നൽ ജംഗ്ഷനിലെ അടിപ്പാത നിർമ്മാണം 26 ന് ആരംഭിക്കും. അടിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി ജംഗ്ഷന്റെ ഇരുവശത്തുമുള്ള സർവീസ് റോഡുകളുടെ കാനകൾ പൊളിച്ച് മാറ്റി പുതിയ കാന നിർമ്മിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. നിർമ്മാണം ആരംഭിക്കുന്നതോടെ ഇരുവശത്തേയ്ക്കുമുള്ള ഗതാഗതം സർവീസ് റോഡ് വഴിയാക്കും. സർവീസ് റോഡിലൂടെ വൺ വേ ഗതാഗതം മാത്രമാണ് അനുവദിക്കുന്നത്. പത്ത് മാസമാണ് നിർമ്മാണ കാലാവധി.
നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി പ്രതിനിധികളുമായി കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും.
സുരക്ഷാ ക്രമീകരണങ്ങളായ സൈൻ ബോർഡുകൾ, സുരക്ഷ മുന്നറിയിപ്പ് സൂചനകൾ എന്നിവ ദേശീയ പാത അതോററ്റി സ്ഥാപിക്കും.
കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ അവലോകന യോഗം ചേർന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. രാജേശ്വരി , എം.എസ്.സുനിത, പി.സി. ബിജു, എ.ഡി.എം.ടി. മുരളി , ദേശീയപാത അതോററ്റി പ്രൊജക്റ്റ് ഡയറക്ടർ അൻസിൽ ഹസൻ തുടങ്ങിയവർ പങ്കെടുത്തു.
അപകടങ്ങൾക്ക് കടിഞ്ഞാൺ
വർദ്ധിച്ച് വരുന്ന അപകടങ്ങളും അപകടമരണങ്ങളും കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയപാതയിലെ ആമ്പല്ലൂർ സിഗ്‌നൽ ജങ്ഷനിലെ അടിപാത നിർമാണം. കൂടാതെ ടോൾ നൽകി പോകുന്ന വാഹനങ്ങൾക്ക് സിഗ്‌നലിൽ കാത്തുകിടക്കാതെ സഞ്ചരിക്കാനാകും. പ്രധാന പാതയുടെ അടിയൽ കൂടി മറ്റ് വാഹനങ്ങൾക്ക് ഇരുവശത്തേക്കും കടന്ന് പോകാം. കാൽനടക്കാർക്ക് സഞ്ചരിക്കാൻ പ്രത്യേക സൗകര്യം ഒരുക്കും.
മറ്റ് അടിപ്പാത നിർമ്മാണം ആരംഭിക്കുന്ന തീയതികൾ
പേരാമ്പ്ര 17,
ചിറങ്ങറ 21 ,
മുരിങ്ങൂർ ഒക്ടോബർ 2 ,
കൊരട്ടി ഒക്ടോബർ 10.