കുന്നംകുളം: കേച്ചേരി ആക്ട്‌സ് സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ എം.എം. മുഹസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന വകുപ്പ് ചുമത്തി കുന്നംകുളം പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 19ന് പ്രതിഷേധ മാർച്ച് നടത്തും. തൃശൂർ-കുന്നംകുളം സംസ്ഥാനപാതയിൽ മുണ്ടൂരിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിച്ച് മരണപ്പെട്ട കേച്ചേരി സ്വദേശിയായ എൻജിനീയർ വിദ്യാർത്ഥിയുടെ മരണം സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ചതിനെതിരെയാണ് കലാപത്തിന് ആഹ്വാനം ചെയ്‌തെവെന്ന വകുപ്പ് ചുമത്തിയതെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10 മണിക്ക് കുന്നംകുളം പൊലീസ് സ്റ്റേഷനിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ച് എ.ഐ.സി.സി മെമ്പർ അനിൽ അക്കര ഉദ്ഘാടനം ചെയ്യും. ജോസഫ് ചാലിശ്ശേരി മാസ്റ്റർ, കെ.പി.സി.സി സെക്രട്ടറി സി.സി. ശ്രീകുമാർ തുടങ്ങിയവർ സംബന്ധിക്കും. സംഭവത്തിൽ മുഹ്‌സിനെതിരെ ചുമത്തിയ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. എം.എം. മുഹസിൻ സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ കമന്റ് ഇട്ട മൂന്നുപേർക്കെതിരെയും കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. കേച്ചേരിയിൽ ജനകീയ കൂട്ടായ്മ അപകടത്തിനിടയാക്കിയ ജോണി ബസ് തടഞ്ഞിരുന്നു. വാർത്താസമ്മേളനത്തിൽ കെ.പി.സി.സി സെക്രട്ടറി സി.സി ശ്രീകുമാർ, സി.ജെ.സ്റ്റാൻലി, ആർ.എം.ബഷീർ,പി. മാധവൻ,ആന്റോ പോൾ എന്നിവർ പങ്കെടുത്തു.