തൃശൂർ: ആചാരപ്പെരുമയോടെ വടക്കുമുറി കുമ്മാട്ടി ആഘോഷിച്ചു. പർപ്പടകപ്പുല്ല് ശരീരത്തിൽ ചുറ്റി പെൺകുട്ടി ഉൾപ്പെടെ 51 കുമ്മാട്ടികൾ അണിനിരന്നു. പനമുക്കുംപിള്ളി ക്ഷേത്രനടയിൽ നാളികേരം ഉടച്ച് കുമ്മാട്ടിക്കളി ആരംഭിച്ച് നാഗസ്വരം, തെയ്യം, തിറ, തംബോലം, ചെട്ടിവാദ്യം, ബാൻഡ് സെറ്റ്, ശിങ്കാരിമേളം, നാടൻ കലാരൂപങ്ങൾ തുടങ്ങിയവ ആവേശം പകർന്നു. ക്ഷേത്രത്തിൽ നിന്നാരംഭിച്ച കുമ്മാട്ടി എസ്.എൻ.എ ഔഷധശാല വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രപരിസരത്ത് കൂടി തോപ്പ് സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചു. രാത്രി ശാസ്താ കോർണറിൽ സമാപിച്ചു. മൂന്നു വർഷമായി കിഴക്കുംപാട്ടുകര വിഭാഗത്തിനായി കുമ്മാട്ടി വേഷവുമായി സബിത ലോഹിതാക്ഷൻ ഇക്കുറിയും ഉണ്ടായിരുന്നു. വടക്കുംമുറി കുമ്മാട്ടി സംഘം പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത്, സെക്രട്ടറി എസ്. സന്തോഷ്, ജി.ബി. കിരൺ, സുധീർ ഐനിക്കുന്നത്, അനിൽ ആറ്റാശേരി, ശ്രീനാഥ് അടിയോടി, വി.എൻ. മോഹനൻ, വിപിൻ, ശ്രീജിത്ത്, സുശീർ എന്നിവർ നേതൃത്വം നൽകി.