palam
1

കൊടുങ്ങല്ലൂർ : എറിയാട് ആറാട്ടുവഴി കടവിലേക്കുള്ള നടപ്പാലം ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ. അറുപത് വർഷത്തിന് മേൽ പഴക്കമുള്ള പാലം ശോചനീയാവസ്ഥ മൂലം നിലംപൊത്തിയാൽ വലിയ ദുരന്തമാണുണ്ടാകുക. ആറാട്ടുത്സവത്തിനും ബലികർമ്മങ്ങൾക്കുമായി നിരവധി പേർ കടന്നുപോകുന്നതും 25 ഓളം കുടുംബങ്ങൾക്ക് ആശ്രയവുമാണ് ഈ പാലം. കടൽ ക്ഷോഭം രൂക്ഷമായ എറിയാട് കടപ്പുറത്ത് നിന്ന് ജനങ്ങൾക്ക് ഒഴിഞ്ഞുമാറണമെങ്കിലും ഈ പാലം കടന്നേ തീരൂ. എറിയാട്, അഴീക്കോട് പ്രദേശങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി ആളുകൾ കടന്നുപോകുന്നതും ഈ പാലത്തിലൂടെയാണ്. കുട്ടികളും പ്രായമായവരും ഏറെ ഭീതിയോടെയാണ് പാലത്തിലൂടെ സഞ്ചരിക്കുന്നത്.
പാലത്തിന്റെ മദ്ധ്യഭാഗത്ത് നിരവധി വിള്ളലുകളുണ്ട്. ചില ഭാഗങ്ങളിൽ കോൺക്രീറ്റ് ഇളകിമാറി ഇരുമ്പ് കമ്പികൾ പുറത്തു കാണാവുന്ന അവസ്ഥയിലാണ്. പാലത്തിന് ഇരുവശത്തേയും കൈവരികൾ തകർന്നിട്ട് വർഷങ്ങളായി. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇവിടെ പുതിയ പാലം നിർമ്മിക്കാനായി മണ്ണ് പരിശോധന നടത്തിയെങ്കിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. ആറാട്ടുവഴി പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങളിൽ രണ്ട് പുതിയ പാലങ്ങൾ നിർമ്മിച്ചെങ്കിലും ഈ പാലത്തെ അവഗണിക്കുകയായിരുന്നു.

പാലത്തിന് ചരിത്ര പ്രാധാന്യമേറെ
ചരിത്ര പ്രസിദ്ധമായ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ആറാട്ട് മഹോത്സവത്തിന് ആനകൾ ഉൾപ്പെടെ നൂറുകണക്കിന് ഭക്തർ എത്തുന്നതും ഈ പാലം വഴിയാണ്. മരണാനന്തരം നടക്കുന്ന സഞ്ചയനകർമ്മങ്ങളുടെ ഭാഗമായി ചാരം നിമഞ്ജനം ചെയ്യുന്നതും ആറാട്ടുകടവിലാണ്.

പുതിയ പാലം നിർമ്മിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ഇതിനായി സ്ഥലത്തെ മണ്ണ് പരിശോധന നടത്തിയിരുന്നു. ഡി.പി.ആർ തയ്യാറാക്കി വരികയാണ്.

-ഇ.ടി. ടൈസൺ എം.എൽഎ

കാലപ്പഴക്കം മൂലം ദുരവസ്ഥയിലായ ആറാട്ടുവഴി പാലം പൊളിച്ചു മാറ്റി പുതിയത് നിർമ്മിക്കണം. അടിയന്തരമായി അധികൃതർ നടപടി സ്വീകരിക്കണം
- സിദ്ധാർത്ഥൻ
(പ്രദേശവാസി)