ചാലക്കുടി: സിഗ്‌നൽ സംവിധാനവും പരിശോധനയുമില്ല കുരുതിക്കളമായി ചാലക്കുടി- അതിരപ്പിള്ളി റോഡ്. തിരക്കേറിയ അതിരപ്പിള്ളി റോഡിൽ വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടങ്ങൾ വർദ്ധിക്കുന്നതിന് പ്രധാന കാരണം. ഈ പ്രദേശത്ത് പൊലീസ് പരിശോധയില്ലാത്തത് മൂലം മദ്യപിച്ചുള്ള ഡ്രൈവിഗും നിരന്തര കാഴ്ച്ചയാണെന്ന് നാട്ടുകാർ പറയുന്നു. വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കുള്ള ഈ റോഡിന് വീതിയില്ലാത്തതും അപകടത്തിന് ഹേതുവാകുന്നുണ്ട്. ചാലക്കുടി- അതിരപ്പിള്ളി-മലക്കപ്പാറ യാത്രയിൽ ഒരിടത്തും സിഗ്‌നൽ സംവിധാനമോ വേഗത കുറയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങളോ ഇല്ല. വാഴച്ചാൽ ചെക്ക് പോസ്റ്റിൽ വനപാലകരുടെ പരിശോധന മാത്രമാണുള്ളത്.
മരണങ്ങൾ നിരവധി
കൂടപ്പുഴയിൽ ചൊവ്വാഴ്ചയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവ് അതീവ ഗുരുതരാവസ്ഥയിലാണ്. കഴിഞ്ഞ മാസം കൂടപ്പുഴയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞ് വ്യാപാരി മരിച്ചിരുന്നു. പിന്നീട് എലിഞ്ഞപ്രയിൽ സ്‌കൂട്ടറിൽ നിന്നും ഇറങ്ങുമ്പോൾ സ്വകാര്യ ബസിടിച്ച് കെട്ടിട നിർമ്മാണ തൊഴിലാളിയും മരിച്ചു. ഞായറാഴ്ച വെറ്റിലപ്പാറ പ്രദേശത്ത് മൂന്നു വാഹനാപടങ്ങളുണ്ടായി. പിള്ളപ്പാറയിൽ കാർ മറിഞ്ഞ് വൈശേരി സ്വദേശിയായ യുവാവിന് കൈ നഷ്ടപ്പെട്ടു. ഇങ്ങനെ ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ഈ പ്രദേശത്ത് സംഭവിക്കുന്നത്.