തൃശൂർ: സാംസ്‌കാരിക നഗരിയുടെ ഓണനാളിന്റെ ആഘോഷങ്ങളെ സമ്പന്നമാക്കി അരങ്ങിലെ 'ഗംഗ'. യുവനർത്തകി മറീന ആന്റണിയാണ് 'ഗംഗ'യെന്ന നൃത്തരൂപം അരങ്ങിലെത്തിച്ചത്. ഇടവേളക്ക് ശേഷം മറീന ആന്റണിയുടെ കേരളത്തിലെ വേദി കൂടിയായിരുന്നു ഇത്. ഭരതനാട്യത്തിൽ വ്യവസ്ഥാപിത ചുവടുകൾക്കും ഭാവങ്ങൾക്കും മുദ്രകൾക്കും ലളിതമായ രംഗഭാഷ്യം ഒരുക്കിയായിരുന്നു ഗംഗയുടെ അവതരണ രീതി. നാട്യശാസ്ത്രരീതികൾ പരിചിതമല്ലാത്ത സാധാരണക്കാർക്ക് പോലും ഏറ്റവും എളുപ്പത്തിൽ മനസിലാക്കാവാനാകുന്ന ലളിതഭാഷ്യം ക്‌ളാസിക്കൽ നൃത്തരംഗത്ത് ഇതാദ്യമാണ്. സ്വർഗപുത്രികളായായാലും ദേവാംഗനകളായാലും പ്രണയത്തിന്റെ കാര്യത്തിൽ മനുഷ്യസ്ത്രീകളെപ്പോലെയാണെന്ന സങ്കല്പമാണ് 'ഗംഗ'യെന്ന 45 മിനുട്ട് ദൈർഘ്യമുള്ള നൃത്ത രൂപത്തിനാധാരം. പ്രമുഖ നൃത്തകലാകാരൻ ആർ.എൽ.വി. ആനന്ദ് ചിട്ടപ്പെടുത്തി നൃത്തസംവിധാനം ചെയ്ത 'ഗംഗ'യ്ക്ക് രാജീവ് ആലുങ്കലിന്റെ വരികൾക്ക് ഗുരുവായൂർ ഭാഗ്യലക്ഷ്മിയുടെ സംഗീതവും ആലാപനവും. മുരളി തയ്യിലാണ് വെളിച്ചവും അരങ്ങും ഒരുക്കിയത്. മറീന ആന്റണിയെ ഗംഗയാക്കിയ വസ്ത്രാലങ്കാരം സുന്ദർ മഹാളും മേക്കപ്പ് രാധു ലഷ്‌ലൈഫും നിർവഹിച്ചു.