1

തൃശൂർ: തദ്ദേശ തിരഞ്ഞടുപ്പിനെ നേരിടുന്നത് ചർച്ച ചെയ്യാൻ ഇന്ന് രാവിലെ 10.30ന് തൃശൂർ ഡി.സി.സിയിൽ യോഗം ചേരും. മുതിർന്ന നേതാക്കൾ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ, കെ.പി.സി.സി മെമ്പർമാർ, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയവർ സംബന്ധിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കെ. മുരളീധരൻ പരാജയപ്പെട്ട സാഹചര്യത്തിൽ കരുതലോടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നേതാക്കളുടെ തമ്മിലടിയും പാലംവലിയുമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണമെന്നാണ് അന്വേഷണം നടത്തിയ കെ.പി.സി.സി സമിതിയുടെ വിലയിരുത്തൽ. ഡി.സി.സി നേതൃത്വത്തിലേക്ക് യോഗ്യനായ ഒരാളെ കണ്ടെത്താനായിട്ടില്ല. തത്കാലം ഡി.സി.സിയുടെ ചുമതലയിൽ വി.കെ. ശ്രീകണ്ഠൻ എം.പി തുടർന്നേക്കും. തിരഞ്ഞെടുപ്പിന് ശേഷമേ നേതൃമാറ്റത്തിന് സാദ്ധ്യതയുള്ളുവെന്നാണ് വിവരം.