bus

കുന്നംകുളം: തൃശൂർ - കുന്നംകുളം റൂട്ടിലെ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന വരുൺ ബസ് തെറ്റായ ദിശയിൽ കയറിയതിനെത്തുടർന്ന് എതിർ ദിശയിൽ വരികയായിരുന്ന കാർ ബസിന് മുൻപിൽ നിറുത്തിയിട്ടു. ഇതേത്തുടർന്ന് ബസ് ജീവനക്കാരും കാറിലെ യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ കാറിലെ യാത്രക്കാർ ബസിനു മുകളിൽ അടിച്ചത്രെ. ഇതോടെ പിറകിലെത്തിയ തൃശൂർ - കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ ഏറെനേരം സംഭവസ്ഥലത്ത് നിറുത്തിയിട്ടു.

ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇതേത്തുടർന്ന് കുന്നംകുളം - തൃശൂർ റൂട്ടിൽ ഓടുന്ന മുഴുവൻ ബസുകളും സർവീസ് നിറുത്തിവച്ചു. ഇതോടെ സ്വകാര്യബസുകളെ ആശ്രയിച്ചെത്തിയ നൂറുകണക്കിന് യാത്രക്കാർ പ്രതിസന്ധിയിലായി. സ്വകാര്യ ബസുകളെ ആശ്രയിച്ച് കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ എത്തിയ യാത്രക്കാർ പ്രതിസന്ധിയിലായതോടെ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബസ് ജീവനക്കാരുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിച്ചത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ബസ് ജീവനക്കാർ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് അറിയിച്ചു.