പാവറട്ടി: ഇടിയഞ്ചിറ റെഗുലേറ്ററിലൂടെ പെരിങ്ങാട് പുഴയിൽ നിന്നും ഉപ്പ് വെള്ളം കെ.എൽ.ഡി.സി. കനാലിലേക്ക് കയറുന്നത് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നു. കൂടാതെ തണ്ണീർകായൽ പാടം, തിരുനെല്ലൂർ പാടം, പെരുവല്ലൂർത്താഴം, എലവത്തൂർ മതുക്കര , പേനകം എന്നീ സ്ഥലങ്ങളിൽ ഉപ്പുവെള്ളം കയറി കെട്ടിക്കിടക്കുന്നത് കർഷകർക്കും ദുരിതമാകുന്നു. ഉപ്പ് വെള്ളം കയറിയാൽ കൃഷി ഇറക്കലും പ്രതിസന്ധിയിലാകും.
പുനരുദ്ധാരണത്തിന് ഷട്ടറുകൾ അഴിച്ചു മാറ്റിയ ഇടിയഞ്ചിറ റെഗുലേറ്ററിലൂടെയാണ് ഉപ്പ് വെള്ളം കെ. എൽ. ഡി.സി. കനാലിലേക്ക് കയറുന്നത്. മഴ കുറഞ്ഞാൽ ഉപ്പിന്റെ അംശം കൂടുകയും ചെയ്യും. എളവള്ളി പഞ്ചായത്തിന്റെ ജലനിധി പദ്ധതി ഉൾപ്പെടെ വലിയ ഒരു പ്രദേശത്തെ ജനങ്ങൾ ശുദ്ധജലത്തിന് ആശ്രയിക്കുന്നത് കെ.എൽ.ഡി.സി. കനാലാണ്. വലിയ അളവിലുള്ള ചോർച്ചയുണ്ടായിരുന്ന ഇടിയഞ്ചിറ റെഗുലേറ്ററിന്റെ ഷട്ടറുകൾ ഉപ്പ് വെള്ളം കയറുന്നത് തടയാൻ പ്രാപ്തമല്ലാത്തത് കൊണ്ട് എല്ലാ വർഷവും റെഗുലേറ്ററിനു മുൻപായി ഇടബണ്ടു കെട്ടി വെള്ളം തടുഞ്ഞുനിറുത്തലായിരുന്നു പതിവ്. എന്നാൽ ഇത്തവണ ഇടബണ്ടും കെട്ടിയില്ല.
ഷട്ടറുകൾ പുനരുദ്ധാരണം അകലെ
തകർച്ചയുടെ വക്കിലെത്തിയ ഇടിയഞ്ചിറ റെഗുലേറ്ററിന്റെ ഷട്ടറുകൾ പുനരുദ്ധാരണത്തിന് പൊളിച്ചിരുന്നു. നാല് കോടിയിലധികമാണ് നിർമ്മാണത്തിന് വകയിരുത്തിയത്. ഷട്ടറുകൾ പുനരുദ്ധാരണത്തിന് ശേഷം 2025 മെയ് മാസത്തിൽ പുനഃസ്ഥാപിക്കാൻ സാധിക്കമെന്ന് പ്രതീക്ഷിക്കുന്നതായി ജലവിഭവ വകുപ്പ് മന്ത്രി നിയസഭയിലെ ചോദ്യത്തിന് മറുപടിയായി അറിയിച്ചിരുന്നു. എന്നാൽ ഇടബണ്ട് കെട്ടുന്ന പ്രവർത്തനങ്ങൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. കഴിഞ്ഞതവണ ഉറപ്പില്ലാതെ കെട്ടിയ ബണ്ട് പൊട്ടിയിരുന്നു. ഇതുമൂലം ലക്ഷങ്ങളാണ് പാഴായത്.
പെരിങ്ങാട് പുഴയിലെ ചെളിനീക്കി ആഴം കൂട്ടി നീരൊഴുക്ക് ഉറപ്പാക്കാൻ ഇറിഗേഷൻ വകുപ്പിന്റെ പദ്ധതി ഉണ്ടെങ്കിലും പുഴയെ റിസർവ് വനമാക്കി നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതിനാൽ ആ പദ്ധതിയ്ക്ക് അനുമതി ലഭിച്ചില്ല. ഇത് വലിയ പ്രതിസന്ധിയാണ് പ്രദേശത്ത് സൃഷ്ടിക്കുന്നത്.
- തീരദേശ സംരക്ഷണസമിതി നേതാക്കൾ