ചാലക്കുടി: സുരക്ഷാ വീഴ്ച്ച പരിഹരിച്ച് ഒമ്പത് മാസത്തിന് ശേഷം പടിഞ്ഞാറെ ചാലക്കുടി റെയിൽവേ മേൽപ്പാലത്തിലെ വഴിവിളക്കുകൾ മിഴി തുറന്നു. സുരക്ഷാ മാന ദണ്ഡങ്ങൾ പാലിച്ചല്ല പാലത്തിന് ഇരുഭാഗത്തും ലൈറ്റുകൾ സ്ഥാപിച്ചതെന്ന ആക്ഷേപത്തെ തുടർന്ന് കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. ശേഷം മേൽപ്പാലത്തിൽ പുതുതായി കേബിൾ വലിച്ചും സുരക്ഷ ഉറപ്പാക്കിയും ഇരുഭാഗത്തുമായി 124 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചത്. നഗരസഭയുടെ പുതിയ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ആനി പോൾ മുൻ കൈയെടുത്താണ് ലൈറ്റുകൾ സ്ഥാപിച്ചത്.
വൈദ്യുതി ബന്ധം വിഛേദിച്ച മേൽപ്പാലത്തിൽ ചെയർമാന്റെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥരും നഗരസഭ എൻജിനീയറിംഗ് വിഭാഗവും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തിയിരുന്നു. പുതുതായി ലൈൻ വലിക്കുന്നതിന് തുടർ നടപടികൾ ആരംഭിച്ചപ്പോൾ ഭരണപക്ഷത്തെ ചേരിപ്പോരിൽ പ്രവർത്തനം നിലച്ചിരുന്നു. കെ.വി.പോൾ, ജോർജ് തോമസ്,വത്സൻ ചമ്പക്കര എന്നീ കൗൺസിലർമാരും മുൻകൈയെടുത്തു.
കൊട്ടിഘോഷിച്ച് ആദ്യ ഉദ്ഘാടനം
നഗരസഭ സ്വകാര്യ വ്യക്തിയുമായി ഉണ്ടാക്കിയ കരാർ പ്രകാരം കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇവിടെ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചത്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ദൗത്യത്തിന് ഒരു ദിവസത്തെ ആയുസാണ് ഉണ്ടായിരുന്നത്. പാലത്തിന്റെ ഭിത്തിയിലൂടെ വൈദ്യുതി ലൈൻ വലിച്ചത്് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും ഇതിനായി ഉപയോഗിച്ച സാമഗ്രികൾക്ക് ഗുണനിലാവരമില്ലെന്നും കാണിച്ച് കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിഛേദിക്കുകയായിരുന്നു.