ems-hall
1

അന്നമനട : അന്നമനട പഞ്ചായത്ത് നടത്തുന്ന മികവിന്റെ കേന്ദ്രത്തിൽ (സിവിൽ സർവീസ് അക്കാഡമി) മൂന്ന്, നാല് ബാച്ച് വിദ്യാർത്ഥികളുടെ പരിശീലനം ആരംഭിക്കുന്നു. ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച ഇ.എം.എസ് ഹാളിലാണ് മൂന്ന്, നാല് ബാച്ചുകളുടെ പരിശീലനം നടക്കുക. നവീകരിച്ച ഇ.എം.എസ് ഹാളിന്റെ ഉദ്ഘാടനം 20ന് രാവിലെ 10ന് വി.ആർ. സുനിൽ കുമാർ എം.എൽ.എ നിർവഹിക്കും. മൂന്ന്, നാല് ബാച്ചുകളുടെ ഔദ്യോഗിക ഉദ്ഘാടനം കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിക്കും.
പഞ്ചായത്ത് പരിധിയിലെ വിദ്യാർത്ഥികളെ സിവിൽ സർവീസ് പോലുള്ള മത്സര പരീക്ഷകൾ നേരിടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായാണ് അന്നമനട പഞ്ചായത്ത് മികവിന്റെ കേന്ദ്രം (സിവിൽ സർവീസ് അക്കാഡമി) ആരംഭിച്ചത്. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുമായി സഹകരിച്ചാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. പ്രാദേശികമായി സഹായിക്കാൻ കഴിയുന്ന അക്കഡമി ബോഡികളുടെ സഹായവും തേടുന്നുണ്ട്. കേരളത്തിൽ തന്നെ ഇതാദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരം പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുന്നത്.

അന്നമനടയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പൊതുപ്രവേശന പരീക്ഷ നടത്തി വർഷംതോറും 50 കുട്ടികളെ വീതം തിരഞ്ഞെടുത്ത് അഞ്ച് വർ‌ഷം തുടർച്ചയായി പരിശീലനം നൽകുകയാണ് ചെയ്യുന്നത്. നിലവിൽ ഇവിടെ ഒന്ന്, രണ്ട് ബാച്ചുകളിലായി 100 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നുണ്ട്. മൂന്ന്, നാല് ബാച്ചുകളിലേക്കുള്ള 100 വിദ്യാർത്ഥികളെ പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുത്തിട്ടുമുണ്ട്. ഇവർക്കുള്ള പരിശീലനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് 20ന് നടക്കുക. അക്കാഡമി പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടമായാണ് ആധുനിക സംവിധാനങ്ങളോടെ പത്ത് ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് ഇ.എം.എസ് ഹാൾ നവീകരിച്ചത്

ഹാളിൽ സംവിധാനങ്ങളേറെ